
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്. കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ്, എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വയനാടും കണ്ണൂരും നാളെയും ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് , എന്നീ ജില്ലകളില്‍ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട് മലയോര മേഖലകളില്‍ പുഴകളില്‍ വെള്ളം ഉയര്‍ന്നു. കുറ്റിയാടി മേഖലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് തൊട്ടില്‍പാലം പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. ചെറിയകുംബളം കട്ടംകോട് റോഡില്‍ മരം കടപുഴകി വീണു. പയ്യോളി ദേശീയ പാതയില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. പയ്യോളി ബസ്റ്റാന്റിലും വെള്ളം കയറി. ഇരുവഞ്ഞിപ്പുഴയിലും ചെറുപുഴയിലും ജലനിരപ്പുയര്‍ന്നത്. കുറ്റിയാടി ചുരത്തില്‍ രണ്ടിടത്ത് നേരിയ തോതില്‍ മണ്ണിടിച്ചിലുമുണ്ടായി
കണ്ണൂർ പയ്യന്നൂരിൽ കനത്ത കാറ്റിൽ വൻ നാശം. മരങ്ങൾ കടപുഴകി വീണ് നാല് വീടുകൾ ഭാഗികമായി തകർന്നു. വൈദ്യുതി ലൈനുകളും പൊട്ടിവീണു. കാർഷികവിളകളും നശിച്ചു. തലശ്ശേരി തലായിയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാണു.മീത്തലെ ചമ്പാട് അങ്കണവാടിയിൽ വെളളം കയറി. നടാൽ ടൗണിലെ ചില കടകളിലും വെള്ളം കയറി.






