
കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമ ഷൂട്ടിംഗ് . സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. അത്യാഹിത വിഭാഗത്തിലെ രോഗികളെ ബുദ്ധിമുട്ടിലാക്കി ലൈറ്റുകള്‍ മറച്ചും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുമായിരുന്നു ചിത്രീകരണം. ഫഹദ് ഫാസില്‍ നിര്‍മ്മിക്കുന്ന 'പൈങ്കിളി' എന്ന സിനിമയാണ് ചിത്രീകരിച്ചത്.
അഭിനേതാക്കള്‍ ഉള്‍പ്പെടെ 50 ഓളം പേര് അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരുന്നു. പരിമിതമായ സ്ഥലമാണ് അത്യാഹിത വിഭാഗത്തിലുള്ളത്. അത്യാസന്ന നിലയിലുള്ള രോഗിയുമായി എത്തിയയാള്‍ക്ക് അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കാന്‍ പോലുമായില്ല. രോഗികളെ ചികിത്സിക്കുമ്പോഴും സമീപത്ത് സിനിമാ ചിത്രീകരണം നടക്കുകയായിരുന്നു.
സര്‍ക്കാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമ ഷൂട്ടിങ്ങിന് അനുമതി നല്കിയവര് ഏഴ് ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്കാണ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയത്






