
മലയാളത്തിന്റെ പ്രിയപ്പെട്ട നടിമാരാണ് ആൻ അഗസ്റ്റിനും മീര നന്ദനും. ജീവിതത്തിലും അടുത്തു സുഹൃത്തുക്കളാണ് ഇരുവരും. ഇടയ്ക്ക് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാൻ തുടങ്ങിയതോടെയാണ് ഈ സൗഹൃദം ആരാധകർ അറിഞ്ഞത്.മീരയുടെ വിവാഹചടങ്ങുകളിലെല്ലാം നിറസാന്നിധ്യമായിരുന്നു ആൻ അഗസ്റ്റിനും.
വിവാഹനിശ്ചയം, മെഹന്ദി, ഹൽദി, സംഗീത് തുടങ്ങിയ ചടങ്ങുകൾക്കും ഗുരുവായൂരമ്പല നടയിൽ നടന്ന താലിക്കെട്ടിനുമെല്ലാം മീരയുടെ നിഴലായി ആനും കൂടെയുണ്ടായിരുന്നു. കൂട്ടുകാരി എന്നതിലപ്പുറം തനിക്ക് സഹോദരിയെ പോലെയാണ് മീരയെന്ന് പലപ്പോഴും ആൻ തന്നെ പറഞ്ഞിട്ടുണ്ട്.
ആരാധകരെ സംബന്ധിച്ചും അപൂർവ്വമായൊരു സൗഹൃദ കാഴ്ചയാണിത്. ഏതെങ്കിലുമൊരു സിനിമാ ലൊക്കേഷനിൽ നിന്നും പരിചയപ്പെട്ട് സൗഹൃദത്തിലായവരല്ല ഇവർ എന്നതാണ് മറ്റൊരു കൗതുകം. ഇരുവരും ഒന്നിച്ച് ഇതുവരെ ഒരു സിനിമയിലും സ്ക്രീൻ പങ്കിട്ടില്ല.
“എല്ലാം കണ്ട ഒരാൾക്ക്, എന്നോടൊപ്പം നിന്നു, എന്നെയോ ഞങ്ങളുടെ ബന്ധത്തെയോ ഒരിക്കലും കൈവിട്ടിട്ടില്ല. ഇതെനിക്കൊരു കുടുംബമാണ്, ഒരു ചെറിയ സഹോദരി, ചിലപ്പോൾ ഒരു മുതിർന്ന ഒരാളെ പോലെ. നിങ്ങൾ എൻ്റെ ജീവിതത്തിൽ സംഭവിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ലവ് യു മീര." എന്നാണ് ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ ആൻ കുറിച്ചത്.ഒന്നിച്ചുള്ള യാത്ര ചിത്രങ്ങളും ഷോപ്പിംഗ് ചിത്രങ്ങളുമൊക്കെ ഇരുവരും ഇടയ്ക്കിടയ്ക്ക് പങ്കുവയ്ക്കാറുണ്ട്.






