
ഏതൊരു ജോലി മേഖലയിലും അതിന്റേതായ ബുദ്ധിമുട്ടുകള്‍ ജോലിക്കാര്‍ അനുഭവിക്കുന്നുണ്ട്്. ജോലി ഭാരങ്ങളും ടെന്ഷനുമൊക്കെയായിരിക്കും കൂടുതലായും ജോലിക്കാരെ അലട്ടുന്നത്. എന്നാല്‍ ഒരു കോര്‍പ്പറേറ്റ് സംവിധാനത്തില്‍ ജോലി ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ഈ സമ്മര്‍ദ്ദങ്ങള്‍ ഒക്കെയും അല്പം കൂടുതലാണന്ന് പലരും സാക്ഷ്യപ്പെടുത്താറുണ്ട്. അത്തരത്തിലൊരു തുറന്നുപറച്ചിലാണ് ഇവിടെ ഒരു യുവതി നടത്തിയിരിക്കുന്നത്.
വിശ്രമവും വിനോദവും ഇല്ലാത്ത തുടര്‍ച്ചയായ ജോലി തന്നെ തളര്‍ത്തുകയാണെന്നും തന്നോട് തന്നെയുള്ള സ്നേഹം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നുമുള്ള യുവതിയുടെ എക്സ് പോസ്റ്റാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. 'ഇഷ്' എന്ന പേരില്‍ എക്സില്‍ അറിയപ്പെടുന്ന യുവതിയാണ് ഇത്തരത്തില്‍ ഒരു വെളിപ്പെടുത്തല്‍ നടത്തിയത്. ഓരോ ദിവസവും 12 മണിക്കൂറില്‍ അധികം സമയം നീണ്ടുനില്‍ക്കുന്നതാണ് തന്റെ ജോലിയെന്നും തന്നോട് തന്നെയുള്ള സ്നേഹം ഇപ്പോള്‍ നഷ്ടമായിരിക്കുന്നു എന്നുമാണ് യുവതിയുടെ പോസ്റ്റ്.
ഓഫീസിലേക്കുള്ള യാത്ര ഉള്‍പ്പെടെ തന്റെ ഒരു ദിവസത്തില്‍ 12 മണിക്കൂറില്‍ അധികം ജോലിക്കായി മാറ്റിവയ്ക്കേണ്ടി വരുന്നുണ്ടെന്നും വീട്ടിലെത്തിയാല്‍ ഉറങ്ങാന്‍ മാത്രമാണ് തനിക്ക് സമയം കിട്ടുന്നതെന്നും ആണ് ഇവര്‍ പറയുന്നത്. വിനോദമോ കൂടിച്ചേരലുകളോ എന്തിന് സൌഹൃദങ്ങള്‍ പോലും ഇല്ലാത്ത ഈ ജീവിതം തന്നെ ഭയപ്പെടുത്തുന്നു എന്നും ഒരു പാവയെ പോലെയാണ് തന് ജീവിക്കുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
യുവതിയുടെ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ സമാനാനുഭവങ്ങളുമായി നിരവധി പേര് രംഗത്തെത്തി. പോസ്റ്റ് ചെയ്ത് ദിവസങ്ങള്‍ മാത്രം പിന്നിട്ടപ്പോഴേക്കും 3,12,000 -ലധികം ആളുകളാണ് ഈ പോസ്റ്റിനോട് പ്രതികരിച്ചത്. സാമ്പത്തിക സ്വാതന്ത്ര്യം നേടുമ്പോള്‍ സമയ സ്വാതന്ത്ര്യം നഷ്ടപ്പെടുകയാണ് എന്നായിരുന്നു ഒരാള്‍ പോസ്റ്റിനോട് പ്രതികരിച്ചത്. 'ആധുനിക അടിമത്തം' എന്നായിരുന്നു മറ്റൊരു കുറിപ്പ്.
corporate is literally taking 12 hours of my time in a day including traveling and all I do is come home and sleep. This is scary because it looks productive but it's like being a dead puppet with no hobbies or self love.
— ish (@yourfavish) June 26, 2024






