
നടി മീര നന്ദനും ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജുവും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ശനിയാഴ്ച ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകൾ. സിനിമാ മേഖലയിൽനിന്നും മീരയുടെ അടുത്ത സുഹൃത്തുക്കളായ ആൻ അഗസ്റ്റിൻ, നസ്രിയ, ശ്രിന്ദ തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുക്കാനെത്തി. പ്രീ വെഡ്ഡിങ് ആഘോഷങ്ങളിലും മൂന്നുപേരും പങ്കെടുത്തിരുന്നു.
വിവാഹ ദിനത്തിൽ പങ്കെടുക്കാൻ പേസ്റ്റൽ പിങ്ക് സാരിയും വെള്ള സ്ലീവ്ലെസ് ബ്ലൗസും ധരിച്ചാണ് നസ്രിയ എത്തിയത്. സാരിക്ക് ഇണങ്ങുന്ന വലിയ കമ്മലും നസ്രിയ അണിഞ്ഞിരുന്നു. പേസ്റ്റൽ പിങ്ക് നിറത്തിലുള്ള ഷർട്ടും മുണ്ടുമായിരുന്നു ഫഹദിന്റെ ഔട്ട്ഫിറ്റ്. വിവാഹത്തിന് നസ്രിയയെ അണിയിച്ചൊരുക്കിയതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.
വിവാഹത്തിന് എത്തിയ നസ്രിയ ധരിച്ച വാച്ചും ചർച്ചയായിട്ടുണ്ട്. റോലക്സിന്റെ വാച്ചാണ് നസ്രിയ ധരിച്ചത്. 11 ലക്ഷത്തിന് മുകളിലാണ് ഈ വാച്ചിന്റെ വില. ബ്രാൻഡഡ് ഔട്ട്ഫിറ്റുകളും അക്സസറീസുകളുമാണ് നസ്രിയ കൂടുതലായും ഉപയോഗിക്കാറുള്ളത്. ഫഹദും ഇക്കാര്യത്തിൽ നസ്രിയയ്ക്കൊപ്പമാണ്. വിലപിടിപ്പുള്ള വാച്ചുകൾ ധരിച്ച് ഫഹദ് പലപ്പോഴും പൊതുവിടങ്ങളിൽ എത്താറുണ്ട്.
ഏറെ നാളത്തെ കാത്തിരിപ്പുകൾക്കുശേഷം 'സൂക്ഷ്മ ദർശിനി' എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് എത്തുകയാണ് നസ്രിയ. ബേസിൽ ജോസഫ് ചിത്രത്തിലാണ് നസ്രിയ നായികയാകുന്നത്. 'ഗുരുവായൂരമ്പല നടയിൽ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ബേസിൽ നായകനാകുന്ന ചിത്രമാണിത്.






