
വില്ലന്‍ വേഷത്തിലൂടെ മലയാള സിനിമാപ്രേക്ഷകരുടെ മനസ്സില്‍ കയറിക്കൂടിയ താരമാണ് ഭീമന് രഘു. പിന്നീട് കരിയറില്‍ വ്യത്യസ്തത പുലര്‍ത്തി നര്മ്മവേഷങ്ങളിലും താരം തിളങ്ങി. അടുത്തിടെയായി താരത്തിന്റെ വാക്കുകളും പ്രവൃത്തികളുമൊക്കെ ജനങ്ങളെ ചിരിപ്പിക്കുന്ന തരത്തിലുള്ളതാണ്. മികച്ച രീതിയില്‍ സംസാരിക്കുന്നതിനിടയിലും ചില അപ്രതീക്ഷിത കാര്യങ്ങള്‍ പറഞ്ഞ് താരം കാഴ്ച്ചക്കാരെ പൊട്ടിച്ചിരിപ്പിക്കാറുണ്ട്.
ഇപ്പോഴിതാ താര സംഘടനായ അമ്മയുടെ വാർഷിക പൊതുയോഗത്തിലും തെരഞ്ഞെടുപ്പിലും പങ്കെടുത്ത് സംസാരിക്കുന്ന ഭീമന് രഘുവിന്റെ വീഡിയോയാണ് വൈറലാകുന്നത്. അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നും അമ്മയ്ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതില്‍ സന്തോഷം ഉണ്ടെന്നും പുതിയ ഭാരവാഹികള്‍ക്ക് സംഘടനയെ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാൻ കഴിയട്ടെ എന്നും ഭീമൻ രഘു പറഞ്ഞു.
‘‘അമ്മയുടെ വാർഷിക പൊതുയോഗങ്ങളിലാണ് എല്ലാവരെയും കാണാനും സൗഹൃദം പങ്കുവയ്ക്കാനും സാധിക്കുന്നത്. ഇവിടെ സുരേഷ് ഗോപി വന്നു. കേന്ദ്രമന്ത്രിയായാണ് അദ്ദേഹം ഇവിടെ വന്നത്. നമുക്കിപ്പോള്‍ രണ്ടു മന്ത്രിമാരാണ് ഉള്ളത്. കേരള മന്ത്രി ഗണേഷ് കുമാർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി. അമ്മയ്ക്ക് അഭിമാനമായ രണ്ടു മന്ത്രിമാർ ഇവിടെയുണ്ട് എന്നുള്ളത് വളരെ നല്ലൊരു കാര്യമാണ്...
എന്തായാലും അടുത്ത മന്ത്രി ഞാൻ തന്നെ. 2026- നല്ലേ അടുത്ത തെരഞ്ഞെടുപ്പ്. സമയം കിടക്കുന്നതേയുള്ളൂ. എന്തായാലും വളരെ സന്തോഷം. അമ്മയെ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാൻ പുതിയ ഭാരവാഹികള്‍ക്ക് കഴിയട്ടെ. ബാബു എന്ന മനുഷ്യന്റെ ഒരു താങ്ങും തണലും എപ്പോഴും ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നു...’’ ഭീമൻ രഘു പറഞ്ഞു. താരത്തിന്റെ വാക്കുകള്‍ പതിവുപോലെ ശ്രദ്ധിക്കപ്പെടുകയാണ്.






