
ലഖ്നൗ: സ്വയംപ്രഖ്യാപിത ആള്‍ദൈവം സംഘടിപ്പിച്ച സത്സംഗിനിടെ തിക്കിലും തിരക്കിലുംപെട്ട് ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ മരിച്ചവരുടെ എണ്ണം 121 ആയി. സംഭവത്തില്‍ ജുഡീഷ്യല്‍ അനേ്വഷണം പ്രഖ്യാപിച്ച് യു.പി. സര്‍ക്കാര്‍. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിക്കൂട്ടിലായ ആള്‍ദൈവം സൂരജ്പാല്‍ സിങ് എന്ന ഭോലെ ബാബ ഒളിവില്‍. ഇയാള്‍ക്കായി അനേ്വഷണം ഉൗര്‍ജിതം.
വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും അനേ്വഷണമെന്ന് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരും കമ്മിഷനില്‍ അംഗങ്ങളായിരിക്കും. അപകടത്തിന്റെ കാരണത്തെക്കുറിച്ചും ഉത്തരവാദികളക്കുറിച്ചും കമ്മിഷന് അനേ്വഷണം നടത്തും. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. വലിയതോതില്‍ ജനക്കൂട്ടം പങ്കെടുക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നതു സംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറക്കും.
ഹത്രാസ് സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്നു പരിശോധിക്കും. ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നിര്‍ദേശങ്ങളും ജുഡീഷ്യല്‍ കമ്മിഷന് നല്‍കുമെന്നും യു.പി. മുഖ്യമന്ത്രി പറഞ്ഞു. പരിപാടിയുടെ അവസാനം ഭോലെ ബാബയുടെ അനുഗ്രഹം വാങ്ങാന്‍ ആളുകള്‍ തിരക്കുകൂട്ടിയതും വീടുകളിലേക്കു മടങ്ങാന്‍ ആളുകള്‍ തിക്കിത്തിരക്കിയതുമാണ് അപകടകാരണമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥിരീകരിച്ചു.
ദുരന്തത്തില്‍ പരുക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നവരെയും സംഭവസ്ഥലവും അദ്ദേഹം സന്ദര്‍ശിച്ചു. പരുക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്കി. മരിച്ചവരില്‍ ആറുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. ഹരിയാനയില്‍നിന്നുള്ള നാലുപേരും മധ്യപ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളില്‍നിന്നുള്ള ഓരോരുത്തരും ദുരന്തത്തില്‍ മരിച്ചതായി യു.പി. മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, സത്സംഗിന്റെ സംഘാടകര്‍ക്കെതിരേ കേസെടുത്തതായി അധികൃതര്‍ അറിയിച്ചു. എണ്‍പതിനായിരം പേര് പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിക്കാനായിരുന്നു അനുമതി. എന്നാല്‍, രണ്ടര ലക്ഷത്തിലേറെപ്പേര്‍ പരിപാടിക്കെത്തി.
അതേസമയം, പരിപാടി സംഘടിപ്പിച്ച സ്വയംപ്രഖ്യാപിത ആള്‍ദൈവം സൂരജ്പാല്‍ സിങ് എന്ന ഭോലെ ബാബയുടെ പേര് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇയാളുടെ പ്രധാന അനുയായി 'മുഖ്യസേവാദാര്' ദേവപ്രകാശ് മധുകറിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഭോലെ ബാബയെ അറസ്റ്റ് ചെയ്യുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, വസ്തുതകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നായിരുന്നു യു.പി. പോലീസ് മേധാവി പ്രശാന്ത് കുമാറിന്റെ മറുപടി.
പരിഭ്രാന്തരായി പാഞ്ഞ ജനക്കൂട്ടത്തെ സംഘാടകര്‍ വടികളുമായി ബലം പ്രയോഗിച്ച് തടയാന്‍ ശ്രമിച്ചതും അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചെന്നും എഫ്.ഐ.ആറിലുണ്ട്. സ്ഥലത്തുണ്ടായിരുന്ന പോലീസും മറ്റ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിന് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തി. പരുക്കേറ്റവരെ കിട്ടിയ വാഹനങ്ങളില്‍ ആശുപത്രിയിലേക്ക് അയച്ചു. എന്നാല്‍, സംഘാടകര്‍ സഹകരിച്ചില്ലെന്നും എഫ്.ഐ.ആറില്‍ പറയുന്നു.






