
ഇന്ത്യന്‍ സിനിമാലോകത്തെ മികച്ച ആര്‍ട്ടിസ്റ്റുകളില്‍ മുന്‍പന്തിയിലാണ് ശബാന ആസ്മി. ഇന്ത്യൻ സിനിമയെ ലോക സിനിമയിലേക്ക് ഉയർത്താൻ സഹായിച്ചതില്‍ ഷബാന അസ്മിയുടെ പങ്ക് വളരെ വലുതാണ്. ആരും ഒന്നു നെറ്റി ചുളുക്കുന്ന സ്വവർഗ അനുരാഗി പോലുള്ള വിഷയങ്ങളെ പോലും വളരെ മനോഹരമാക്കിയാണ് ഫയർ എന്ന ചിത്രത്തിലൂടെ ഷബാന അവതരിപ്പിച്ചത്. അങ്കുർ എന്ന ആദ്യ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ അഭിനേത്രിയാണ് ഷബാന അസ്മി. അതിനു ശേഷം ഒട്ടനവധി ചിത്രങ്ങള്‍ ചെയ്തു. 5 തവണ ദേശീയ പുരസ്കാരം താരം കരസ്ഥമാക്കിയിട്ടുണ്ട്. ഏകദേശം 160 സിനിമകള്‍ തന്റെ അഭിനയ ജീവിതത്തില്‍ പൂർത്തിയാക്കിയ താരം വ്യത്യസ്ഥങ്ങളായ ഒരുപാട് കഥാപാത്രങ്ങള്‍ വെള്ളിത്തിരയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. തിരക്കഥാകൃത്തായ ജാവേദ് അക്തറിനെയാണ് ഷബാന വിവാഹം ചെയ്തിരിക്കുന്നത്.
ഇപ്പോഴിതാ അടുത്തിടെ ഷബാന നല്കിയ ഒരു അഭിമുഖം വൈറലായി മാറിയിരുന്നു. അതില്‍ തന്റെ ഭർത്താവ് തിരക്കഥാകൃത്തായ ജാവേദ് അക്തർ വർഷങ്ങളായുള്ള മദ്യപാന ശീലം നിർത്തിയതിനെ കുറിച്ചാണ് താരം രസകരമായി പറഞ്ഞത്. ‘‘ഒരു ദിവസം ഞങ്ങള്‍ ലണ്ടനിലെ ഫ്ലാറ്റില്‍ ഇരിക്കുകയായിരുന്നു. ജാവേദിനെ മദ്യം നാറുന്നുണ്ടായിരുന്നു. പെട്ടെന്ന് അടഞ്ഞ ശബ്ദത്തില്‍ അദ്ദേഹം ചോദിച്ചു എനിക്ക് കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കി തരാമോ? അങ്ങനെ ഞാൻ ഭക്ഷണം ഉണ്ടാക്കി, അദ്ദേഹം കഴിച്ചു. ഭക്ഷണം കഴിച്ചയുടൻ എന്നോട് പറഞ്ഞു ഞാൻ ഇനി ഒരിക്കലും കുടിക്കില്ല എന്ന്. സത്യത്തില്‍ ആദ്യം എനിക്ക് മനസിലായില്ല. ഞാൻ ചോദിച്ചു എന്ത് കുടിക്കില്ലെന്ന്? അപ്പോള്‍ വീണ്ടും പറഞ്ഞു ഞാൻ ഇനി ഒരിക്കലും മദ്യം കുടിക്കില്ല എന്ന്.
ആദ്യം എനിക്ക് ഞെട്ടല്‍ ഉണ്ടായി. കാരണം അദ്ദേഹം ഇതുവരെ അങ്ങനെ എന്നോട് പറഞ്ഞിട്ടില്ല. പക്ഷേ പിന്നീട് ജാവേദ് മദ്യം കൈ കൊണ്ട് തൊട്ടിട്ടില്ല. അത്തരത്തില്‍ ചില ശക്തമായ തീരുമാനങ്ങള്‍ എടുക്കുന്നതില്പലപ്പോഴും എനിക്ക് വീഴ്ചകള്‍ സംഭവിക്കാറുണ്ട്. ആ കാര്യത്തില്‍ ജാവേദിന്റെ മാനസിക ബലം വലുതാണ്...’’ ഷബാന പറയുന്നു.
2012ല്‍ അമീർഖാൻ ഹോസ്റ്റ് ചെയ്ത സത്യമേവ ജയതേ എന്ന പരിപാടിയില്‍ ജാവേദ് അക്തർ പങ്കെടുത്തിരുന്നു. അന്ന് അദ്ദേഹത്തിന്റെ മദ്യപാനത്തെ കുറിച്ച് സംസാരിച്ചിരുന്നു. ‘‘എന്റെ 19-ാം വയസില്‍ മദ്യം കഴിക്കാൻ തുടങ്ങിയിട്ടുണ്ട്. അന്ന് ഒരുപക്ഷേ അത്രക്കും പണം ഇല്ലാതിരുന്നതിനാല്‍ മദ്യപാനം കുറവായിരുന്നു. എന്നാല്‍ സിനിമകളില്‍ വന്ന് വളർന്നതിനു ശേഷം പണം ഉണ്ടായി. അങ്ങനെ ഒരു ദിവസം ഒരു കുപ്പി മദ്യം വരെ കുടിക്കാറുണ്ടായിരുന്നു. ഇനിയും മദ്യപാനം തുടർന്നാല്‍ ഞാന്‍ ഉടനെ മരിച്ചു പോകുമെന്ന് എനിക്ക് ഏകദേശം മനസിലായി. അപ്പോഴാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത്....’’ ജാവേദ് പറഞ്ഞിരുന്നു.
ജാവേദ് അക്തറിന്റെ രണ്ടാമത്തെ വിവാഹമാണ് ഷബാന അസ്മിയുമായി നടന്നത്. ഹണി ഇറാനി എന്ന എഴുത്തുകാരിയായിരുന്നു ആദ്യ ഭാര്യ. 13 വർഷത്തെ ദാമ്പത്യത്തിനൊടുവില്‍ ഇരുവരും പിരിഞ്ഞു. പിന്നീടാണ് ഷബാനയെ വിവാഹം ചെയ്യുന്നത്. 2023ല്‍ റിലീസ് ചെയ്ത ഗൂമർ എന്ന ചിത്രമാണ് ഷബാനയുടെ അവസാനം പുറത്തിറങ്ങിയ സിനിമ.
ഇരട്ട തിരക്കഥാകൃത്തുക്കളായിരുന്നു സലിം ഖാനും ജാവേദ് അക്തറും. അതിനാല്‍ അവർ സലിം ജാവേദ് എന്നായിരുന്നു അറിയപ്പെട്ടത്. രാജേഷ് ഖന്നയാണ് സലിം ജാവേദ് എന്ന പേര് നിർദ്ദേശിച്ചത്. ആ കൂട്ട് കെട്ട് വലിയൊരു ചരിത്രമായി മാറി. 1983ന് ശേഷം ജാവേദ് അക്തർ സ്വതന്ത്ര എഴുത്തുകാരനായി ഒരുപാട് സിനിമകള്‍ ചെയ്തു തുടങ്ങി.






