
കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ കൊലപാതകം. ധര്‍മടത്തിന് സമീപം അണ്ടല്ലൂരില്‍ വെട്ടേറ്റ ബിജെപി പ്രവര്ത്തന് മരിച്ചു. മുല്ലപ്രം ചോമന്റവിട എഴുത്താന്‍ സന്തോഷ് (52) ആണ് കൊല്ലപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ച് ഇന്ന് കണ്ണൂര്‍ ജില്ലയില്‍ ബി.ജെ.പി. ഹര്‍ത്താലിന് ആഹ്വാനം നല്കി. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. കലോത്സവത്തെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി.
രാത്രി 11.30ഓടെയാണ് കൊലപാതകം നടന്നത്. വീടിന്റെ വാതില്‍ തള്ളിത്തുറന്ന് അകത്തുകയറിയ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിപിഎം ആണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.
സംഭവസമയത്ത് വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സന്തോഷ് തന്നെയാണ് വെട്ടേറ്റവിവരം സുഹൃത്തുക്കളെ വിളിച്ച് അറിയിച്ചത്. പിന്നീട് പോലീസും സുഹൃത്തുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തം വാര്‍ന്ന സന്തോഷ് മരിക്കുകയായിരുന്നു. എന്നാല്‍ സംഭവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപിഎം ആരോപിച്ചു.






