
മനില: പ്ലാസ്റ്റിക് സര്‍ജറിയിലൂടെ ക്രിമിനലുകളെ 'മുഖംമാറ്റ'ത്തിനു സഹായിക്കുന്ന ആശുപത്രികള്‍ കണ്ടെത്തി ഫിലിപ്പീന്‍സ് പോലീസ്. രണ്ട് ആശുപത്രികള്‍കൂടി അടച്ചുപൂട്ടുമെന്നു ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ട് മാസം മുമ്പ് പാസേ സിറ്റിയിലെ ആശുപത്രിയില്‍നിന്ന് ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ഉപകരണങ്ങള്‍, ഡെന്റല്‍ ഇംപ്ലാന്റുകള്‍, ചര്‍മ്മം വെളുപ്പിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. തുടരന്വേഷണമാണു മാഫിയകളിലെത്തിയത്.
'ആധുനിക ഉപകരണങ്ങളുടെയും മരുന്നുകളുടെയും സഹായത്തോടെ തികച്ചും പുതിയ ഒരു വ്യക്തിയെയാണ് ഇത്തരം ആശുപത്രികള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചത്'- പ്രസിഡന്‍ഷ്യല്‍ ആന്റി ഓര്‍ഗനൈസ്ഡ് ക്രൈം കമ്മിഷന് (പി.എ.ഒ.സി.സി.) വക്താവ് വിന്‍സ്റ്റണ്‍ ജോണ്‍ കാസിയോ അറിയിച്ചു. നിരീക്ഷണത്തിലുള്ള രണ്ട് അനധികൃത ആശുപത്രികള്‍ പാസേയിലെ ആശുപത്രിയുടെ നാലിരട്ടി സൗകര്യമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധ ഓണ്‍ലൈന്‍ കാസിനോകളില്നിന്നുള്ളവരും 'മുഖംമാറ്റാന്‍' രംഗത്തുണ്ട്.
ടെലിഫോണ്‍ തട്ടിപ്പുകള്‍, മനുഷ്യക്കടത്ത് തുടങ്ങിയവയ്ക്കു മറയായി ശസ്ത്രക്രിയകളെ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
വിയറ്റ്നാമില്‍നിന്നുള്ള രണ്ട് ഡോക്ടര്‍മാരും ചൈനയില്‍നിന്നുള്ള ഒരാളും - ഒരു ചൈനീസ് ഫാര്‍മസിസ്റ്റ്, ഒരു വിയറ്റ്നാമീസ് നഴ്സ് എന്നിവരെ പാസേ റെയ്ഡില്‍ അറസ്റ്റ് ചെയ്തു, അവരില്‍ ആര്‍ക്കും ഫിലിപ്പീന്‍സില്‍ ജോലി ചെയ്യാന്‍ ലൈസന്‍സ് ഉണ്ടായിരുന്നില്ല. 400 ചതുരശ്ര മീറ്ററോളം വിസ്തൃതിയുള്ള അനധികൃത ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് പുറമേ വിവിധ ചികിത്സകളും വാഗ്ദാനം ചെയ്യുന്നുണ്ടായിരുന്നു. ഒരു ഹീമോഡയാലിസിസ് മെഷീനും അധികൃതര്‍ കണ്ടെത്തി.
'പുറത്തുനിന്നു നോക്കിയാല്‍ സാധാരണ ക്ലിനിക്കുകള്‍ പോലെ തോന്നും. പക്ഷേ, അവരുടെ പക്കലുള്ള സാങ്കേതികവിദ്യ ഏറ്റവും പുതിയതാണ്. ഇത്തരം ആശുപത്രികള്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആവശ്യപ്പെടുന്നില്ല... രോഗിയായി എത്തുന്ന വ്യക്തി ക്രിമിനല്‍ ആയിരിക്കാം, അല്ലെങ്കില്‍ ഫിലിപ്പൈന്‍സിലെ അനധികൃത വിദേശിയാകാം.'- ആര്‍ക്കും മുഖം മാറ്റി നല്‍കും. പാസേ സിറ്റിയില്‍ ഒന്നിലേറെ അനധികൃത ആശുപത്രികള്‍ ഉണ്ടെന്ന് അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. മുന്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടിന്റെ ഭരണകാലത്തുണ്ടായ ചൈന ബന്ധമാണ് ഇത്തരം ആശുപത്രികള്‍ക്കു തുണയായതെന്നാണ് ആരോപണം.
2022 ല്‍ അവസാനിച്ച ആറ് വര്‍ഷത്തെ ഭരണകാലത്ത് അദ്ദേഹം ചൈനയുമായി സൗഹൃദ ബന്ധം പുലര്‍ത്തി. പിന്‍ഗാമിയായ ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയറാണു വ്യാജ ആശുപത്രികള്‍ക്കെതിരേ രംഗത്തെത്തിയത്. 'ലോകമെമ്പാടുമുള്ള ധാരാളം ആളുകള്‍ മുഖംമാറ്റാന്‍ വന്നതായി കണ്ടെത്തിയിട്ടുണ്ട്്. ആ പാതകള്‍ ഉടന്‍ തന്നെ അടയ്ക്കും'.- കാസിയോ അറിയിച്ചു. 2022 ഡിസംബറില്‍, മുഖംമാറ്റല്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനായ ചൈനീസ് മാഫിയ അംഗത്തെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു.






