
പ്രേക്ഷകര്‍ ഏറെയിഷ്ടപ്പെടുന്ന മോഹന്‍ലാല്‍ സിനിമകളില്‍ മുന്‍പന്തിയിലാണ് ദേവദൂതന്. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും ബോളിവുഡിന്റെ സൂപ്പര്നായികയുമായിരുന്ന ജയപ്രദയും ഒരുമിച്ചെത്തിയ സിനിമയുടെ മുഖ്യ ആകര്‍ഷണം അതിന്റെ വ്യത്യസ്തമായ കഥയും ജനമനസ്സുകള്‍ കീഴടക്കിയ പാട്ടുകളുമായിരുന്നു. മലയാള സിനിമാപ്രേക്ഷകരുടെ ഹൃദയങ്ങള്‍ കീഴടക്കിയ സൂപ്പർ ഹിറ്റ് ചിത്രം ദേവദൂതൻ റീ റിലീസ് ചെയ്യുന്ന വിവരം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയായിരുന്നു.
ഇപ്പോഴിതാ സിനിമയുടെ റീ റിലീസ് സ്ഥിരീകരിക്കുന്ന തരത്തില്‍ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മോഹൻലാല്‍ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ്. ദേവദൂതന്റെ ട്രെയിലറാണ് മോഹൻലാല്‍ പങ്കുവച്ചത്. ‘‘ദേവദൂതന് ഡോൾബി അറ്റ്മോസ് ശബ്ദത്തോടെ 4K-യിൽ തിരിച്ചെത്തുന്നു, ഉടൻ തീയേറ്ററുകളിൽ എത്തും. സ്റ്റേ ട്യൂണ്‍ഡ്...’’ എന്ന ക്യാപ്ഷനുമായിട്ടാണ് മോഹന്‍ലാലിന്റെ പോസ്റ്റ്.
ആർക്കോ ആരോടോ എന്തോ പറയാനുണ്ട് എന്ന ക്യാപ്ഷനോടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്. 4k ദൃശ്യമികവിലും ശബ്ദത്തിലുമാകും സിനിമ പുനരവതരിപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
24 വര്‍ഷങ്ങള്‍ക്കുശേഷം ‘ദേവദൂതന്’ റീ റിലീസിന് ചെയ്യുന്നത് അത്യപൂർവ്വമായി സംഭവിക്കുന്ന കാര്യമാണെന്ന് മോഹൻലാൽ പറഞ്ഞു. ‘‘ഫിലിമിൽ ചിത്രീകരിച്ചിരിക്കുന്ന ഒരു സിനിമയാണിത്. 24 വർഷം കഴിയുമ്പോൾ ഈ സിനിമ നഷ്ടപ്പെട്ടുപോകാനുള്ള സാധ്യതയുണ്ട്. അന്നുണ്ടായിരുന്ന ലാബുകളിൽ പലതും ഇന്നില്ല. എന്നാൽ ഇതിന്റെ പ്രിന്റ് ഇപ്പോഴുമുണ്ട് എന്നതിൽ നിന്നുതന്നെ ഈ സിനിമയ്ക്കൊരു ഭാഗ്യമുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആർക്കോ ആരോടോ എന്തോ പറയാനുണ്ടെന്നാണ് സിനിമയിൽ പറയുന്നത്. ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു, നിങ്ങളോട് ഞങ്ങള്‍ക്ക് എന്തോ പറയാനുണ്ട്...’’ റിലീസിന് മുന്നോടിയായുള്ള 4 കെ ട്രെയ്ലര് ലോഞ്ച് ചടങ്ങില്‍ മോഹൻലാൽ പറഞ്ഞു.
എച്ച് ഡി ക്വാളിറ്റിയോടെയുള്ള വീഡിയോയില്‍ ചിത്രത്തിന്റെ പ്രധാനപ്പെട്ട രംഗങ്ങള്‍ കോർത്തിണക്കിയിട്ടുണ്ട്. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഉള്‍പ്പെടുത്തി വലിയൊരു ദൃശ്യവിരുന്നാണ് ട്രെയിലർ സമ്മാനിക്കുന്നത്. നിമിഷങ്ങള്‍ക്കകം സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ഈ മാസം 24-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.






