
മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ മോശം പരാമർശങ്ങൾ പാടില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോശം പദപ്രയോഗങ്ങൾ സ്മൃതി ഇറാനിക്കെതിരെയോ മറ്റാർക്കെങ്കിലും എതിരെയോ നടത്തുന്നത് ശരിയല്ലെന്നും ഇത് ഒഴിവാക്കണമെന്നും രാഹുൽ എക്സിൽ കുറിച്ചു.
ജയവും തോൽവിയും ജീവിതത്തിന്റെ ഭാഗമാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. സ്മൃതി ഇറാനി ഇന്നലെ ദില്ലിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞതിനെ തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി ട്രോൾ വിഡിയോകളും പരാമർശങ്ങളും വന്നിരുന്നു.
അതേസമയം വിഷയത്തിൽ കോൺഗ്രസിനെ വിമർശിച്ച് ബിജെപി രംഗത്തെത്തി. രാഹുൽ ഗാന്ധിയെ സ്മൃതി ഇറാനി 2019ൽ തോൽപ്പിച്ചത് സഹിക്കാൻ ഇതുവരെ കോൺഗ്രസിനായിട്ടില്ലെന്ന് ബിജെപി ആരോപിച്ചു. ഈ സാഹചര്യത്തിലാണ് സ്മൃതിക്കെതിരായ ട്രോൾ ഒഴിവാക്കണമെന്ന രാഹുലിൻ്റെ പ്രസ്താവന.






