
ദില്ലി; ക്യാന്‍സര്‍ ബാധിതായി ലണ്ടിനിലെ കിംഗ്സ്കോലേജ് ഹോസ്പിറ്റലില്‍ ഒരു വര്‍ഷമായി ചികിത്സയിലാണ് മുന്‍ ഇന്ത്യന്‍ താരം അന്‍ഷുമാന്‍ ഗെയ്ക്വാദിന്രെ ആരോഗ്യാവസ്ഥയെക്കുറിച്ച് വികാരധീനനായി ഇതിഹാസ താരം കപില്‍ ദേവ്.അന്‍ഷുമാന്റെ ചികിത്സക്കായി താനും സഹതാരങ്ങളായിരുന്ന മൊഹീന്ദര്‍ അമര്‍നാഥ്, സുനില്‍ ഗവാസ്കര്‍, സന്ദീപ് പാട്ടീല്‍, ദിലീപ് വെങ്സര്‍ക്കാര്‍, രവി ശാസ്ത്രി, കീര്‍ത്തി ആസാദ് തുടങ്ങിയവരുമെല്ലാം ചേര്‍ന്ന് കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും എങ്കിലും ചികിത്സക്ക് കൂടുതല്‍ പണം ആവശ്യമായതിനാല്‍ ബിസിസിഐ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കപില്‍ സ്റ്റാര്‍ സ്പോര്‍ട്സിലാണ് പ്രതികരണം.
രക്താര്‍ബുദ ബാധിതനായി കഴിഞ്ഞ ഒരുവര്‍ഷമായി ലണ്ടനില്‍ ചികിത്സയിലാണ് ഇന്ത്യയുടെ മുന്‍ പരിശീലകന് കൂടിയായ അന്‍ഷുമാന്‍ ഗെയ്ക്വാദ്. അന്‍ഷുവിന്റെ ആരോഗ്യസ്ഥിതി കാണുമ്പോള്‍ സങ്കടവും വേദനയുമുണ്ട്. ഒരുമിച്ച് കളിച്ച ഞങ്ങള്‍ക്ക് അദ്ദേഹത്തെ ഈ അവസ്ഥയില്‍ കാണാനാവില്ല. ആരും വേദന അനുഭവിക്കരുത്. അന്‍ഷുവിന്റെ കാര്യത്തില്‍ ബിസിസിഐ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഹായിക്കാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല. അദ്ദേഹത്തിന് എന്ത് സഹായം ചെയ്യുകയാണെങ്കിലും അത് ഹൃദയത്തില്‍ നിന്നാവണം. കാരണം, രാജ്യത്തിനായി ഒട്ടേറെ എറുകള്‍ മുഖത്ത് ഏറ്റുവാങ്ങിയവനാണ് അന്‍ഷു. ഇപ്പോള്‍ നമ്മള് അദ്ദേഹത്തിന്റെ കൂടെ നില്‍ക്കേണ്ട സമയമാണ്.




