
അടൂര്‍: കിടപ്പാടം നഷ്ടപ്പെടാതെ കാത്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടുള്ള ആദരസൂചകമായി അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് പ്രകാശം നിറച്ച് സഞ്ജയ് വര്‍ഗീസ്. കേരളമാകെ പടര്‍ന്ന് പന്തലിച്ച വ്യവസായ സ്ഥാപനമായ ജെ.എന്‍. ലൈറ്റിങ്സ് ഉടമ സഞ്ജയ് വര്‍ഗീസാണ് ഏഴ് ലക്ഷം രൂപ ചിലവിട്ട് പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്നിടത്ത് ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചത്.
ബിസിനസിലേക്ക് ഇറങ്ങിയ സമയം കടബാധ്യതകളെത്തുടര്‍ന്നു വീടും സ്ഥലവും ജപ്തി ചെയ്യാന്‍ നടപടി തുടങ്ങിയപ്പോള്‍ സഞ്ജയ് വര്‍ഗീസ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സഹായം തേടുകയായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഇടപെടല്‍ മൂലം കിടപ്പാടം ജപ്തി ചെയ്യാതെ തിരികെ കിട്ടി. അര്‍ധ സര്‍ക്കാര്‍ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പയെടുത്ത് നടത്തിയ റബര്‍ അധിഷ്ഠിത വ്യവസായം തകര്‍ന്നതോടെ കടം കയറിയ അവസ്ഥയിലായിരുന്നു. ജപ്തി ഒഴിവാക്കാന്‍ നിര്‍ദേശം ഉണ്ടായിട്ടും ഉദ്യോഗസ്ഥര്‍ നടപ്പാക്കിയില്ലെന്ന് സഞ്ജയ് വര്‍ഗീസ് പറഞ്ഞു.
വീട് ലേലത്തിനു വച്ചതോടെ ഹൃദയാഘാതം വന്ന് സഞ്ജയ് വര്‍ഗീസിന്റെ പിതാവ് വി.പി തോമസ് വിട പറഞ്ഞു. 40 വര്‍ഷം ഡല്‍ഹിയില്‍ ബിസിനസ് നടത്തിയ ശേഷം സ്വന്തമായി വ്യവസായം ആരംഭിക്കണമെന്ന ആഗ്രഹവുമായി നാട്ടിലെത്തിയ അദ്ദേഹം ചെങ്ങരൂര്‍ വ്യവസായ പാര്‍ക്കില്‍ തുരിശ് ഫാക്ടറി തുടങ്ങി. റബറിന്റെ വിലയിടിവിനെ തുടര്‍ന്ന് ബിസിനസ് പ്രതിസന്ധിയിലായി.
പലിശ കയറി ഇൗടു വച്ച വീടും സ്ഥലവും ഫാക്ടറിയും നഷ്ടപ്പെടുന്ന സ്ഥിതിയായിരുന്നു. കിടപ്പ് രോഗിയായ അമ്മയെയും കൊണ്ട് സഞ്ജയ് വര്‍ഗീസിന്റെ ഭാര്യ ലിസി മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ എത്തി നിവേദനം നല്കി. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ പ്രത്യേകം പരിഗണിക്കാന്‍ ധനകാര്യ സ്ഥാപനത്തിന് ഉമ്മന്‍ ചാണ്ടി നിര്‍ദേശം നല്കി. വീട് ജപ്തി നടപടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശവും കൊടുത്തു. എന്നിട്ടും കാലതാമസമായപ്പോള് വീണ്ടും അദ്ദേഹം ഇടപെട്ടു. അങ്ങനെ കിടപ്പാടം തിരികെ കിട്ടി.
കേരളത്തിലെ ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടിങ് കമ്പനിയുടെ പ്രമുഖ കരാറുകാരനും കേരള പി.എം.സി കോണ്ട്രാക്ടര് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റുമാണ് സഞ്ജയ് വര്‍ഗീസ്. പുതുപ്പള്ളി പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം സംസ്കരിച്ച സ്ഥലത്ത് ചെന്നപ്പോള്‍ അവിടെ ഇരുട്ട് അനുഭവപ്പെട്ടു. മുഖ്യമന്ത്രിയായിരുന്ന സമയത്ത് കേരളത്തിലെ ജനതയ്ക്ക് പ്രകാശം പകര്‍ന്ന ഉമ്മന്‍ ചാണ്ടിയെ സംസ്കരിച്ച സ്ഥലം ഇരുട്ട് പിടിച്ചു കിടക്കാന്‍ പാടില്ലെന്ന് സഞ്ജയ് തീരുമാനിച്ചു. ഏഴു ലക്ഷം രൂപ ചെലവില്‍ പ്രദേശം പ്രകാശമാനമാക്കിയത്.
