ന്യൂഡല്‍ഹി: അധികാരദുര്‍വിനിയോഗവും നിയമനച്ചട്ടലംഘനവും നടത്തിയെന്ന ആരോപണം നേരിടുന്ന അസി. കലക്ടര്‍ പൂജ ഖേദ്കറുടെ ഐ.എ.എസ്. റദ്ദാക്കിയേക്കും. പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയതായി യു.പി.എസ്.സി. അറിയിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി പോലീസ് പൂജയ്ക്കെതിരേ കേസെടുത്തു.
ഭാവിയില്‍ നടക്കാനിരിക്കുന്ന എല്ലാ പരീക്ഷകളില്‍നിന്നും പൂജയെ ഡീബാര്‍ ചെയ്യാതിരിക്കാനും ഐ.എ.എസ്. റദ്ദാക്കാതിരിക്കാനും കാരണംകാണിക്കാന്‍ ആവശ്യപ്പെട്ട് പൂജയ്ക്ക് നോട്ടീസ് നല്‍കിയതായും യു.പി.എസ്.സി. വൃത്തങ്ങള്‍ അറിയിച്ചു. ഇതിന്റെ മറുപടി ലഭിച്ചതിനു ശേഷം യു.പി.എസ്.സി. അന്തിമതീരുമാനമെടുക്കും.
പൂജ മനോരമ ദിലീപ് ഖേദ്കറുടെ തെറ്റായ പെരുമാറ്റം സംബന്ധിച്ച് വിശദവും സമഗ്രവുമായ അന്വേഷണം നടത്തിയെന്നും ആരോപണങ്ങള്‍ ശരിയെന്നു തെളിഞ്ഞെന്നും യു.പി.എസ്.സി. അറിയിച്ചു. പൂജയുടെ പേര്, അച്ഛന്റെയും അമ്മയുടെയും പേര്, ഫോട്ടോ, ഒപ്പ്, ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, വിലാസം എന്നിവയില്‍ മാറ്റം വരുത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. പൂജ തിരിച്ചറിയല്‍ രേഖകള്‍ വ്യാജമായി നിര്‍മിക്കുകയും സിവില്‍ സര്‍വീസ് പരീക്ഷയുമായി ബന്ധപ്പെട്ട് വഞ്ചനാപരമായ കാര്യങ്ങള്‍ ചെയ്തെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പൂജയ്ക്കെതിരേ കേസെടുക്കാന്‍ ഡല്‍ഹി പോലീസിന് യു.പി.എസ്.സി. നിര്‍ദേശം നല്കി.
വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, വികലാംഗരുടെ അവകാശങ്ങളുടെ ദുരുപയോഗം, ഐടി നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് ഡല്‍ഹി പോലീസ് കേസെടുത്തിരിക്കുന്നത്. പൂജ ഖേദ്കറെക്കുറിച്ചുള്ള ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തിയ മഹാരാഷ്ട്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പൂജ ഖേദ്കറുടെ ജാതി, വികലാംഗ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ചയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.
വിവാദങ്ങളുണ്ടായതിനു പിന്നാലെ പൂജയുടെ ജില്ലാതല പരിശീലനപരിപാടി നിര്‍ത്തിവയ്ക്കാന്‍ മസൂറിയിലെ ഐ.എ.എസ്. അക്കാദമി തീരുമാനിച്ചിരുന്നു. കൂടാതെ പൂജയെ അക്കാദമിയിലേക്കു തിരിച്ചുവിളിക്കുകയും ചെയ്തു. അഡീഷനല്‍ ചീഫ് സെക്രട്ടറി നിതിന്‍ ഗാദ്രെ പ്രത്യേക കത്തിലൂടെയാണ് പൂജ ഖേദ്കറിനെ ഇക്കാര്യം അറിയിച്ചത്. പൂജ ഖേദ്കറിന്റെ പരിശീലനം നിര്‍ത്തിവയ്ക്കാനും തിരിച്ചു വിളിക്കാനും മസൂറിയിലെ ഐ.എ.എസ് അക്കാദമി തീരുമാനിച്ചതായി അഡീഷനല്‍ ചീഫ് സെക്രട്ടറി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 2023 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയാണ് പൂജ.
അധികാരം ദുര്‍വിനിയോഗം നടത്തിയതിനെത്തുടര്‍ന്ന് പുനെയില്‍നിന്ന് വാഷിമിലേക്കു സ്ഥലംമാറ്റിയ അസിസ്റ്റന്റ് കലക്ടര്‍ പൂജ ഖേദ്കര്‍ കുറ്റക്കാരിയാണെന്നു കണ്ടാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. സ്വകാര്യ ഓഡി കാറില്‍ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചതിനും പ്രബേഷന്‍ കാലാവധി കഴിയും മുമ്പ് പ്രത്യേക വീടും കാറും വേണമെന്നായിരുന്നു പൂജ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടത്. ജാതി, വൈകല്യ സര്‍ട്ടിഫിക്കറ്റുകളില്‍ തിരിമറി നടത്തിയാണ് ഐ.എ.എസ്. നേടിയത് എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് പൂജക്കെതിരേയുള്ളത്. സ്വകാര്യ ബീക്കണ്‍ലൈറ്റ് ഘടിപ്പിച്ച ഇവര്‍, മഹാരാഷ്ട്ര സര്‍ക്കാര്‍ എന്നെഴുതിയ സ്റ്റിക്കറും വാഹനത്തില്‍ ഒട്ടിച്ചിരുന്നു.






