
നടി മഞ്ജു വാര്യരുടേതായി റിമ കല്ലിങ്കല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാറിന്റെ തനി രൂപം എന്ന അടിക്കുറിപ്പോടെയുളള വീഡിയോയാണ് റിമ പോസ്റ്റ് ചെയ്തത്.
താരങ്ങളുടെ സ്വകാര്യതയിലേക്കുളള കടന്നുകയറ്റത്തിന്റെ നേര്‍ക്കാഴ്ചയാണ് ദൃശ്യങ്ങള്‍. ‘രണ്ട് കാഴ്ചപ്പാടുകള്‍ ഒരു സത്യം ’എന്ന അടിക്കുറിപ്പോടെയാണ് റിമയുടെ പോസ്റ്റ്.
ഒരു ഹോട്ടലിലെ ഹാളിനു സമീപം ഫോണില്‍ സംസാരിച്ചു നില്ക്കുന്ന മഞ്ജു വാര്യരെ ദൃശ്യങ്ങളില്‍ കാണാനാകും. ആ സമയത്ത് രണ്ടുപേര്‍ മൊബൈല്‍ ക്യാമറയും മൈക്കുമായി നടിയുടെ അടുത്തേക്കു ചെല്ലുന്നതും കാണാം.
‘തിരക്കുണ്ട് എയര്‍പോര്‍ട്ടില്‍ എത്തേണ്ടതുണ്ട്’ എന്നു പറഞ്ഞ് ഒഴിവായിപ്പോകാന്‍ ശ്രമിക്കുന്ന മഞ്ജുവിനോട് ‘ജാഡയാണല്ലോ ചേച്ചി ’എന്ന് പ്രകോപനപരമായി അവര്‍ ചോദിക്കുന്നു. ഇതാണ് വീഡിയോയുടെ ആദ്യഭാഗത്തില്‍. പിന്നാലെ മഞ്ജുവിനടുത്തേക്ക് ക്യാമറയും മൈക്കുമായി കടന്നു കയറുന്നതും സ്വകാര്യതയെ മാനിക്കാതെ പെരുമാറുന്നതുമെല്ലാം ഈ ദൃശ്യങ്ങളിലുണ്ട്.
റിമ പങ്കുവെച്ച വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. മഞ്ജു വാര്യരുടെ പുതിയ ചിത്രമാല ഫൂട്ടേജിന്റെ പ്രമോഷന്റെ ഭാഗമായി എടുത്ത വീഡിയോയാണിത്. പ്രമുഖരുടെ സ്വകാര്യതയെ മാനിക്കാതെ സമ്മതം ചോദിക്കാതെ ക്യാമറയും മൈക്കുമായി ചെന്ന് വീഡിയോ പകര്‍ത്തി അനാവശ്യ അടിക്കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന പാപ്പരാസി പ്രവണതയോടുളള പ്രതികാരമായാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.
ഫൂട്ടേജില്‍ മഞ്ജുവിനൊപ്പം അഭിനയിക്കുന്ന നടന് വിശാഖ് നായരും നടി ഗായത്രി അശോകുമാണ് ഈ വീഡിയോയില്‍ പാപ്പരാസികളായെത്തിയത്.






