
ലോകത്തെ മൈക്രോസോഫ്റ്റ് ശൃംഖലയാകെ എങ്ങനെയാണ് അപ്ഡേറ്റില്‍ വന്ന ഒരു പിഴവ് താറുമാറാക്കിയത് എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് മുന്നില്‍ ഉത്തരംമുട്ടിയ കുര്‍ട്സിനെ ലോകം കണ്ടു. ഈ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാണ്.
ഒരൊറ്റ അപ്ഡേറ്റിലുണ്ടായ പിഴവാണ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളില്‍ പ്രശ്നം സൃഷ്ടിച്ചത് എന്നായിരുന്നു എക്സിലൂടെ ക്രൗഡ്സ്ട്രൈക്ക് സിഇഒ ജോര്‍ജ് കുര്‍ട്സിന്റെ വിശദീകരണം. ഇതിനെ കുറിച്ചായിരുന്നു എന്‍ബിസി ചാനലിലെ ഡുഡേ ഷോയില്‍ അവതാകരയുടെ ചോദ്യം. 'ഒരൊറ്റ് അപ്ഡേറ്റിലുണ്ടായ പിഴവാണ് വ്യോമയാന രംഗം താറുമാറാക്കിയതും ക്രഡിറ്റ് കാര്‍ഡ് പെയ്മെന്റുകളും ബാങ്കിംഗ് സേവനങ്ങളും ചാനല്‍ ബ്രോഡ്കാസ്റ്റുകളും എമര്‍ജന്‍സി സര്‍വീസുകളും താറുമാറാക്കിയത് എന്നാണ് താങ്കളുടെ വിശദീകരണത്തില്‍ നിന്ന് മനസിലാവുന്നത്. എന്തുകൊണ്ടാണ് ഇത്രയും വലിയൊരു കമ്പനിക്ക് മതിയായ ബാക്ക്അപ്പ് ഇല്ലാതെവന്നത്. എങ്ങനെയാണ് ഒരേയൊരു സോഫ്റ്റ്വെയര് ബഗ് ഇത്രയും വേഗത്തില്‍ വലിയ ആഗോള പ്രശ്നത്തിന് കാരണമായത്?'- ടെലിവിഷന്‍ അവതാരക ചോദിച്ചു.
എന്നാല്‍ ഈ ചോദ്യത്തിന് മുന്നില്‍ ക്രൗഡ്സ്ട്രൈക്ക് സിഇഒ ജോര്‍ജ് കുര്‍ട്സ് വിയര്‍ത്തു. തൊണ്ടയിടറിയ കുര്ട്സിന് തന്റെ വാക്കുകള്‍ മുഴുമിപ്പിക്കാനായില്ല. ഉടന്‍ വെള്ളമെടുത്ത് കുടിച്ച ശേഷമാണ് അദേഹം മറുപടി തുടര്‍ന്നത്. എക്സില്‍ ലക്ഷക്കണക്കിന് വ്യൂവാണ് ചോദ്യത്തിന് മുന്നില്‍ അടിമുടി പതറിയ ജോര്‍ജ് കുര്‍ട്സിന്റെ ദൃശ്യങ്ങള്‍ക്ക് ലഭിച്ചത്.






