
പറഞ്ഞറിയിക്കാനാവാത്ത വികാരമാണ് തമിഴർക്ക് രജനികാന്ത്. തലൈവർ എന്നവർ സ്നേഹത്തോടെ വിളിക്കുന്ന അവരുടെ സൂപ്പർസ്റ്റാർ. തലൈവരെ ഒന്നു കാണാൻ, സംസാരിക്കാൻ, ഒപ്പം നിന്നു ഫോട്ടോയെടുക്കാൻ ഒക്കെ ലക്ഷകണക്കിന് ആരാധകരാണ് കൊതിക്കുന്നത്. ആ തലൈവരാണ് ഒരു ക്ലാസ് മുറിയിലേക്ക് കൊച്ചുമകന്റെ കൈപിടിച്ച് കൂളായി കയറിചെന്നിരിക്കുന്നത്.
രജനികാന്തിന്റെ രണ്ടാമത്തെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത് പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സ്കൂളിൽ പോവില്ലെന്ന് വാശിപിടിച്ച സൗന്ദര്യയുടെ മകൻ വേദിനെ സ്കൂളിലാക്കാൻ പോവുന്ന രജനികാന്തിനെയാണ് ചിത്രങ്ങളിൽ കാണാനാവുക.
"ഇന്ന് രാവിലെ എന്റെ മകനു സ്കൂളിൽ പോവാൻ മടി. അപ്പോൾ അവന്റെ പ്രിയപ്പെട്ട സൂപ്പർഹീറോ താത്ത തന്നെ അവനെ സ്കൂളിലേക്ക് കൂട്ടികൊണ്ടുപോയി. അപ്പാ, എല്ലാ റോളുകളിലും നിങ്ങളാണ് ഏറ്റവും ബെസ്റ്റ്, അത് ഓഫ് സ്ക്രീനിൽ ആയാലും ഓൺസ്ക്രീനിലായാലും," സൗന്ദര്യ കുറിച്ചു. ബെസ്റ്റ് ഗ്രാൻഡ് ഫാദർ, ബെസ്റ്റ് ഫാദർ എന്നീ ഹാഷ് ടാഗുകളോടെയാണ് സൗന്ദര്യ ചിത്രങ്ങൾ പങ്കിട്ടത്.
ബാബ, മജാ, സണ്ടക്കോഴി, ശിവാജി തുടങ്ങിയ ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായും ഗ്രാഫിക് ഡിസൈനിംഗ് അസിസ്റ്റന്റ് ആയും പ്രവർത്തിച്ചാണ് സൗന്ദര്യ തന്റെ കരിയർ ആരംഭിച്ചത്. ഓച്ചർ പിക്ചർ പ്രൊഡക്ഷൻസ് സ്ഥാപിച്ചതിനുപുറമെ, പിതാവിന്റെ 'കൊച്ചടിയാൻ' എന്ന ചിത്രത്തിലൂടെയാണ് സൗന്ദര്യ ആദ്യമായി സംവിധായികയാവുകയും ചെയ്തു. ധനുഷ് നായകനായ 'വേലൈ ഇല്ലാ പട്ടധാരി' എന്ന ചിത്രത്തിന്റെ സംവിധായികയും സൗന്ദര്യയായിരുന്നു.
നടനും ബിസിനസുകാരനുമായ വിശാഖന് വണങ്കാമുടിയാണ് വരന്. സൗന്ദര്യയുടെ രണ്ടാം വിവാഹമാണിത്. അശ്വിന് റാംകുമാര്‍ എന്ന വ്യവസായിയുമായുള്ള പൂര്‍വ്വ വിവാഹത്തിലുള്ള മകനാണ് വേദ്. സൗന്ദര്യ- വിശാഖൻ ദമ്പതികൾക്കും ഒരു കുഞ്ഞുണ്ട്, വീർ രജനികാന്ത് വണങ്കാമുടി എന്നാണ് കുഞ്ഞിന്റെ പേര്.






