
സ്വകാര്യ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയുടെ പേരില്‍ വ്യാജപ്രചരണം. കേന്ദ്ര സര്‍ക്കാരിനായി ടെലികോം ടവര്‍ സ്ഥാപിക്കാന്‍ റിലയന്‍സ് ജിയോ വമ്പന്‍ തുക പ്രതിഫലത്തോടെ ഭൂമി ഏറ്റെടുക്കുന്നതായാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്തിലുള്ളത്. ടവര്‍ സ്ഥാപിക്കാന്‍ ഭൂമി വിട്ടുനല്‍കിയാല്‍ 30 ലക്ഷം രൂപ അഡ്വാന്‍സ് തുകയും മാസംതോറും 25,000 രൂപ വാടകയും ഭൂമുടമയ്ക്ക് നല്‍കുമെന്നും കത്തില്‍ പറയുന്നു. ജിയോ 4ജി എന്ന ലോഗോയും ഈ കത്തില്‍ കാണാം. ഒരു കോണ്‍ടാക്റ്റ് നമ്പറും ജിഎസ്‌ടി നമ്പറും കത്തില്‍ കൊടുത്തിട്ടുണ്ട്.
എന്നാല്‍ ജിയോയുടെ ടവര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും ഇത്തരമൊരു ഉത്തരവും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിട്ടില്ല എന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്ക് കീഴിലുള്ള ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. രാജ്യത്ത് മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ ഭൂമി വിട്ടുനല്‍കിയാല്‍ ഭീമമായ തുക ലഭിക്കുമെന്ന തെറ്റായ പ്രചാരണങ്ങള്‍ മുമ്പുമുണ്ടായിട്ടുണ്ട്.






