
പരസ്പരമുള്ള വിശ്വാസമാണ് ഏതൊരു ദാമ്പത്യജീവിതത്തിന്റെയും അടിസ്ഥാനം. ഇതില്ലാതാകുന്നിടത്ത് ബന്ധങ്ങള്‍ ശിഥിലമാക്കാപ്പെടുന്നു. പലപ്പോഴും ഭാര്യ ഭര്‍ത്തൃ ബന്ധത്തില്‍ അല്ലെങ്കില്‍ കാമുകന്-കാമുകി ബന്ധത്തില്‍ ചിലര്‍ക്കെങ്കിലും എടുത്ത തീരുമാനം തെറ്റായിപ്പോയി എന്ന തോന്നല്‍ ഉണ്ടാകാം. എന്നാല്‍ പരസ്പരമുള്ള തുറന്നുപറച്ചിലുകളും ഏറ്റുപറച്ചിലുകളും ഒരു പക്ഷേ താളം തെറ്റിയ ബന്ധത്തെ തിരികെ കൊണ്ടുവന്നെന്നുവരും. ഇവിടെ ഇതാ ഈ യുവതിയുടെ ജീവിതത്തിലുമുണ്ടായി ഇത്തരത്തിലൊരു സംഭവം. തന്റെ ജീവിതപങ്കാളിയെ തിരഞ്ഞെടുത്ത കാര്യത്തില്‍ അവള്‍ക്ക് തെറ്റുപറ്റിയോ എന്നായിരുന്നു അവളുടെ സംശയം. കാരണം, അവള് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു രഹസ്യമാണ് അവളുടെ പങ്കാളിയുടെ ഫോണില്‍ നിന്നും അവള് കണ്ടെത്തിയത്.
സംഭവം ഇങ്ങനെയായിരുന്നു. യുകെയില്‍ നിന്നുള്ള ഹന്ന വാക്കര്‍ തന്റെ കാമുകനെ കണ്ടുമുട്ടിയത് ഒരു പൊതുസുഹൃത്ത് വഴിയായിരുന്നു.
എന്നാല്‍, ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങി ഏഴ് വര്‍ഷത്തിന് ശേഷമാണ് അവള് അവനെ കുറിച്ചുള്ള ആ വിവരം കണ്ടെത്തിയത്. തങ്ങളുടെ ബന്ധത്തിലെ വഴിത്തിരിവായിരുന്നു ആ രഹസ്യം എന്നാണ് അവള് പറയുന്നത്. ഗാംബിള്‍ എന്ന ഷോയിലാണ് ഹന്ന തന്റെ അനുഭവം പങ്കുവച്ചത്.
ഒരുമിച്ചൊരു ജോയിന്റ് അക്കൗണ്ട് തുടങ്ങിയതോടെയാണ് അവളുടെ ജീവിതമാകെ തകിടം മറിഞ്ഞത്. അന്നു രാത്രി ഹന്നയുടെ പങ്കാളി ഗോള്‍ഫ് കളിക്കാനായി പുറത്തിറങ്ങിയത് ഫോണ്‍ വീട്ടില്‍ വച്ചിട്ടായിരുന്നു. ആ ഫോണില്‍ നിന്നാണ് അവള് ആ രഹസ്യം കണ്ടെത്തിയത്. തന്റെ പങ്കാളി ചൂതാട്ടത്തിന് അടിമയാണ്. ഇതുവരെയായി കളിച്ചു നഷ്ടപ്പെടുത്തിയത് ഒന്നോ രണ്ടോ ലക്ഷങ്ങളായിരുന്നില്ല. മറിച്ച് ഒരുകോടി രൂപയാണ്.
ആ സമയത്ത് അവരുടെ മകള്‍ക്ക് ആറാഴ്ച മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. പങ്കാളിയെ ഉപേക്ഷിച്ച് പോകുന്നതിന് പകരം അവള് അയാളോട് തുറന്ന് സംസാരിക്കുകയാണ് ചെയ്തത്. പയ്യെപ്പയ്യെ അയാള്‍ എല്ലാ കാര്യങ്ങളും അവളോട് തുറന്ന് സംസാരിച്ചു. ഒടുവില്‍, ഗാംബ്ലേഴ്സ് അനോണിമസില്‍ അവള് അയാളെ പങ്കാളിയാക്കി. ചൂതാട്ടത്തിന് അടിമകളായവര്‍ അതില്‍ നിന്നും പുറത്ത് കടക്കാന്‍ സഹായിക്കുന്ന ഒരു കൂട്ടായ്മയാണ് ഇത്. ഒടുവില്‍ തന്റെ പങ്കാളി ഇതില്‍ നിന്നും മുക്തനാകാന്‍ തുടങ്ങി എന്നും ഹന്ന പറയുന്നു.






