
മലയാളത്തിന്റെ താരരാജാവാണ് മോഹന്‍ലാലെങ്കില്‍ യുവതലമുറയുടെ ഹരമാണ് ഫഹദ് ഫാസില്‍. മോഹന്‍ലാല്‍ അന്വര്‍ത്ഥമാക്കിയ ഒരുപാട് കഥാപാത്രങ്ങള്‍ മലയാളികളുടെ മനസ്സില്‍ ഇന്നുമുണ്ട്. അന്നുമിന്നും തിളങ്ങി നില്ക്കുന്ന താരത്തിനോട് ആരാധകര്‍ക്ക് മാത്രമല്ല താരങ്ങള്‍ക്കും വലിയ ആരാധനയാണ്. അക്കൂട്ടത്തില്‍ മോഹന്‍ലാലിനെ ഒരുപാടിഷ്ടപ്പെടുന്ന താരമാണ് ഫഹദ് ഫാസില്‍. ഫഹദിനോടും മോഹന്‍ലാലിനും അതേ സ്നേഹമുണ്ട്.
ഇപ്പോഴിതാ മോഹൻലാലും ഫഹദും ചേർന്നുള്ള പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മോഹൻലാലിനെ ഫഹദ് കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ചിത്രമാണിത്. ‘‘എടാ മോനേ... ലവ് യു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മോഹൻലാല്‍ ചിത്രം പങ്കുവച്ചത്. താരരാജാവ് ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രം നിമിഷനേരം കൊണ്ട് വൈറലായി.
ചിത്രത്തിനൊപ്പം ആവേശത്തിലെ ‘എട മോനേ’ ഡയലോഗും ആരാധകർ ഏറ്റെടുത്തു. നിരവധി താരങ്ങളും ആരാധകരും ചിത്രത്തിന് താഴെ കമന്റുകള്‍ നല്‍കുന്നുണ്ട്. ലെന, തരുണ്‍മൂർത്തി, കല്യാണി ബിന്ദു പണിക്കര്‍, ധര്മ്മജന് ബോള്‍ഗാട്ടി എന്നിവരുള്‍പ്പെടെ നിരവധി താരങ്ങള്‍ ലവ് ഇമോജിയും കമന്റുകളും കുറിക്കുന്നുണ്ട്.
മോഹന്‍ലാലിന്റെയും ഫാസിലിന്റെയും എക്കാലത്തെയും ക്ലാസിക് ഹിറ്റായ മണിച്ചിത്രത്താഴ് ഫോർ കെ മികവോടെ ഓഗസ്റ്റ് 17ന് വീണ്ടും തിയേറ്ററുകളില്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മോഹൻലാല്‍, സുരേഷ് ഗോപി, ശോഭന, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെ.പി.എ.സി ലളിത, വിനയപ്രസാദ് തുടങ്ങി വൻതാരനിരയുള്ള സിനിമ അന്നുമിന്നും മലയാളികള്‍ക്ക് നിത്യഹരിത സിനിമയാണ്.






