
ബോളിവുഡിന്റെ പവര്കപ്പിള്സായി എപ്പോഴും നിറഞ്ഞു നില്ക്കുന്ന താരങ്ങളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും. ഇവരുടെ പ്രണയവും വിവാഹവും ഒരുമിച്ചുള്ള ചിത്രങ്ങളുമെല്ലാം എപ്പോഴും ആരാധകര്‍ ആഘോഷമാക്കുന്നതാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും പിന്നാലെയാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി മാധ്യമങ്ങള്‍. ഇവര്‍ പിരിയാന്‍ ഒരുങ്ങുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. താരദമ്പതികള്‍ ഒരുമിച്ച് ഒരു വേദിയില്‍ എത്തുന്നില്ല, എത്തിയാല്‍ തന്നെ ഒഴിവാക്കുന്നു എന്നതടക്കം അഭ്യൂഹങ്ങള്‍ പ്രചരിച്ചു. ആനന്ദ് അംബാനി- രാധിക മെര്‍ച്ചന്റ് വിവാഹത്തില്‍ പങ്കെടുക്കാന്‍ ബച്ചന് കുടുംബം വന്നപ്പോള്‍ കൂട്ടത്തില്‍ ഐശ്വര്യ എത്തിയില്ലെന്നള്ളതും ഒരുമിച്ച് ചിത്രങ്ങള്‍ എടുത്തില്ല എന്നുള്ളതും വാര്‍ത്തകള്‍ക്ക് മൂര്‍ച്ച കൂട്ടി.
ഇപ്പോഴിതാ എല്ലാ അഭ്യൂഹങ്ങള്‍ക്കും മറുപടി പറയുകയാണ് അഭിഷേക്. ഐശ്വര്യയും താനും ഇപ്പോഴും വിവാഹിതരാണെന്നും സ്റ്റോറികള്‍ക്ക് വേണ്ടി ഓരോന്ന് ഊതിപ്പെരുപ്പിക്കുകയാണെന്നും അഭിഷേക് ബച്ചൻ പറയുന്നതാണ് വീഡിയോ.
‘‘അതിനെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല എന്നതാണ് യാഥാർത്ഥ്യം. നിങ്ങള്‍ എല്ലാ കാര്യങ്ങളും ഊതിപ്പെരുപ്പിച്ചു. സങ്കടകരമാണത്. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് മനസിലാവും. നിങ്ങള്‍ക്ക് ചില സ്റ്റോറികള്‍ ഫയല്‍ ചെയ്യണം. അതുമാത്രമാണ് ആവശ്യം. കുഴപ്പമില്ല ഞങ്ങള്‍ സെലിബ്രിറ്റികളാണ്, ഞങ്ങള്‍ അത് കേള്‍ക്കണം. എന്തായാലും ഇപ്പോഴും ഞാൻ വിവാഹിതനാണ്, സോറി...’’ എന്നായിരുന്നു അഭിഷേക് പറഞ്ഞത്.
ബോളിവുഡ് യുകെ മീഡിയ ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഒരു പരിപാടിക്കിടെയാണ് മാധ്യമപ്രവർത്തക വേർപിരിയല്‍ അഭ്യൂഹങ്ങളെ കുറിച്ച് ചോദിച്ചപ്പോഴാണ് അഭിഷേക് ഇങ്ങനെ മറുപടി പറഞ്ഞത്.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേര് അഭിഷേകിനെ പ്രശംസിച്ച് കൊണ്ട് രംഗത്ത് എത്തി. ഐശ്വര്യ റായിയുടെ ഒരു സുഹൃത്താണ് അഭിഷേകുമായുള്ള വേര്‍പിരിയലിന് കാരണമെന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. 2007 ഏപ്രിലില്‍ ആയിരുന്നു ബോളിവുഡ് താരസുന്ദരി ഐശ്വര്യയുടെയും അഭിഷേക് ബച്ചന്റെയും വിവാഹം. ശേഷവും ഇരുവരും സിനിമയില്‍ സജീവമായിരുന്നു. 2011ല്‍ ഇവര്‍ക്ക് ആരാധ്യ എന്നൊരു പെണ്‍കുഞ്ഞ് ജനിച്ചു.






