
കുടയത്തൂര്‍: മലയോളം ആഗ്രഹിച്ചാല്‍ കുന്നോളം കിട്ടുമെന്ന വാക്യത്തെ അന്വര്‍ത്ഥമാക്കുകയാണ് നാല് മിടുക്കന്മാര്. ചെറുവിമാനം ഉണ്ടാക്കി പറത്തിയാണ് ഇവര്‍ ശ്രദ്ധേയരായത്. മുട്ടം ഐ.എച്ച്.ആര്.ഡി ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി അലന് ജോബിയും കൂട്ടുകാരായ അലന് ജോര്‍ജുകുട്ടി, വി.എസ്.രാഹുല്‍, ജയിംസ് റോയ് എന്നിവര്‍ ചേര്‍ന്നാണ് ചെറുവിമാനം നിര്‍മിച്ച് ഏവരേയും അത്ഭുതപ്പെടുത്തിയത്.
പൈലറ്റാകണമെന്നായിരുന്നു അലന്റെ ആഗ്രഹം. അതിന്റെ ചെലവ് അറിഞ്ഞപ്പോള്‍ ആഗ്രഹം ഉള്ളിലൊതുക്കി. എന്നാല്‍, ആകാശം കൈപ്പിടിയിലാക്കാനുള്ള മോഹം അടക്കാനായില്ല. കൂട്ടുകാരെ കൂടെക്കൂട്ടി സ്വന്തമായി ഒരു ചെറുവിമാനമുണ്ടാക്കി പറപ്പിച്ചു. സ്കൂളില്‍ സംഘടിപ്പിച്ച എക്സിബിഷനില്‍ തങ്ങളുടെ സ്വപ്നത്തെ അവര്‍ ഉയരങ്ങളിലേക്ക് പറത്തിവിട്ടു.
എല്ലാവരേയും അതിശയിപ്പിച്ചുകൊണ്ട് ആ കുഞ്ഞന്‍ വിമാനം ഏതാണ്ട് 1200 മീറ്റര്‍ ഉയരത്തില്‍ പറന്ന ശേഷം തിരികെയെത്തി. പൈലറ്റാകണമെന്ന മോഹം ചെലവേറിയതാണെന്ന് അറിഞ്ഞപ്പോഴാണ് സ്വന്തമായൊരു വിമാനമുണ്ടാക്കി അത് പറത്താമെന്ന ആശയം അലനുണ്ടായത്. കൂട്ടുകാരും ഒപ്പം കൂടി. അങ്ങനെ പ്ലസ്വണ് പഠനത്തിനിടെ കഴിഞ്ഞ വര്‍ഷം സ്വന്തം നിലയില്‍ ഒരെണ്ണം നിര്‍മ്മിച്ചു. എന്നാല്‍ വാല് ഭാഗത്തിന് ഭാരം അല്പം കൂടിപ്പോയതിനാല്‍ ആകാശയാത്ര സാധ്യമായില്ല. എന്നിരുന്നാലും പ്രതീക്ഷ കൈവിടാതെ അലനും കൂട്ടുകാരും വീണ്ടും ശ്രമം തുടര്‍ന്നു.
ഇന്റര്‍നെറ്റ്, അധ്യാപകര്‍,ഇത്തരം നിര്മിതികളുണ്ടാക്കുന്നവര് എന്നിവരില്‍ നിന്നൊക്കെ ഉപദേശം തേടി. അങ്ങനെ വിമാന സ്വപ്നത്തിന് വീണ്ടും ചിറക് നല്കി.ഒടുവില്‍ ഏകദേശം അയ്യായിരം രൂപ ചെലവില്‍ ഡെട്രോണ് ഷീറ്റുകളും ചെറിയൊരു മോട്ടോറുമൊക്കെയുള്ള ചെറുവിമാനം പൂര്‍ത്തിയാക്കി. കൈകൊണ്ട് പറത്തിവിടുന്ന താണ് ഈ വിമാനം. ഈ കുഞ്ഞന്‍ വിമാനത്തെ കൂടുതല്‍ നവീകരിച്ച് നിലത്തുനിന്നും തനിയെ ഉയര്‍ന്നുപറക്കുന്ന രീതിയിലാക്കാനുള്ള യത്നത്തിലാണ് അലന് ജോബിയും കൂട്ടുകാരന് അലന് ജോര്‍ജുകുട്ടിയും. അതിനുവരുന്ന ചെലവ് എങ്ങനെ കണ്ടെത്തുമെന്നതാണ് ഇവരുടെ പ്രശ്നം. എന്നിരുന്നാലും വൈകാതെ സബ്ജില്ലാ തല എക്സിബിഷനില്‍ തങ്ങളുടെ സ്വപ്നം യാഥാര്‍ഥ്യമായി ആകാശത്ത് പറക്കുന്നത് കാണാനാകുമെന്ന പ്രതീക്ഷയാണ് ഇവര്‍ക്കുള്ളത്.
കുടയത്തൂര്‍ കണ്ടനാനിക്കല് ജോബി സബാസ്റ്റിയന്റേയും ബിജിയുടെയും മകനാണ് അലന്.സഹോദരി അനീന ഒമ്പതില്‍ പഠിക്കുന്നു. മേലുകാവുമറ്റം പീടികയല് ജോര്‍ജുകുട്ടി ഏബ്രഹാമിന്റെയും സുജ ഐസക്കിന്റെയും മകനാണ് അലന് ജോര്‍ജുകുട്ടി. മേലുകാവ് കാഞ്ഞിരംകവല വയലില്‍ വി.ഡി. സാബുവിന്റെയും മായയുടെയും മകനാണ് രാഹുല്‍. വാഴക്കുളം എടാട്ടേല്‍ നെല്ലിക്കുന്നേല്‍ റോയി ജേക്കബിന്റെയും സിന്ധുവിന്റെയും മകനാണ് ജയിംസ്.






