
തെലുങ്ക് സൂപ്പർസ്റ്റാർ നാഗാർജുനയുടെ മകനും നടനുമായ നാഗചൈതന്യയും നടിയായ ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പുറത്തു വന്നതോടെ സമാന്ത റൂത്ത് പ്രഭു വീണ്ടും വാർത്തകളിൽ നിറയുകയാണ്.
ഇപ്പോഴിതാ വിവാഹമോചനത്തിനും മാസങ്ങള്‍ക്ക് മുൻപെ നാഗചൈതന്യയും സമാന്തയും കുഞ്ഞിനുവേണ്ടിയുള്ള പ്ലാനിംഗില്‍ ആയിരുന്നുവെന്ന് തന്നോട് പറഞ്ഞതായി പറയുകയാണ് ശാകുന്തളം സിനിമയുടെ നിർമാതാവ് നീലിമ ഗുണ.
വിവാഹമോചന വാർത്ത പുറത്തുവരുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സമാന്തയും നാഗ ചൈതന്യയും ഒരു കുഞ്ഞിന് വേണ്ടി ശ്രമിക്കുകയായിരുന്നുവെന്നും ശാകുന്തളം എന്ന ചിത്രത്തിനായി താനും പിതാവും സമാന്തയെ സമീപിച്ചപ്പോള്‍ കഥ ഇഷ്ടപ്പെട്ടെങ്കിലും നടി ഒരു നിബന്ധന വച്ചിരുന്നുവെന്നും 2021 ജൂലൈ ഓഗസ്റ്റോടെ ചിത്രീകരണം തീർക്കണമെന്നും അതിനു ശേഷം തങ്ങള്‍ ഒരു കുഞ്ഞിനുവേണ്ടി ശ്രമിക്കാനിരിക്കുകയാണെന്നും സമാന്ത പറഞ്ഞതായി നീലിമ പറയുന്നു.
"ശാകുന്തളം സിനിമയില്‍ അഭിനയിക്കാൻ സമാന്തയെ ക്ഷണിക്കാൻ വേണ്ടി ഞാനും അച്ഛൻ സംവിധായകൻ ഗുണശേഖറും നടിയെ സമീപിച്ചപ്പോള്‍ അവർക്ക് കഥ ഇഷ്ടപ്പെട്ടിരുന്നു. കഥ കേട്ട് വളരെയധികം ആവേശഭരിതയായിരുന്നെങ്കിലും ഈ വേഷം സ്വീകരിക്കണമെങ്കില്‍ പരമാവധി ജൂലൈയില്‍ ഷൂട്ടിംഗ് പൂർത്തിയാക്കി തരണമെന്ന് സമാന്ത ഞങ്ങളോട് പറഞ്ഞു. ഈ വർഷം ഓഗസ്റ്റില്‍ അവർ ഒരു കുഞ്ഞിനുവേണ്ടി പ്ലാൻ ചെയ്യുകയാണെന്നും ഓഗസ്റ്റ് കഴിഞ്ഞാല്‍ മുൻഗണന അതിലായിരിക്കുമെന്നും അവർ പറഞ്ഞു.
ചർച്ചകള്‍ക്ക് ശേഷം ഓഗസ്റ്റിനു മുൻപ് തന്നെ സിനിമ പൂർത്തിയാക്കും എന്ന് പറഞ്ഞതു കേട്ട് സമാന്ത വളരെ സന്തോഷവതിയായി. ഇത് തന്റെ അവസാന സിനിമയായിരിക്കുമെന്നും അതിനുശേഷം, ഒരു നീണ്ട ഇടവേള എടുത്ത് കുട്ടിയുണ്ടാകുന്നതിലേക്ക് ശ്രദ്ധ തിരിക്കുമെന്നും സമാന്ത എന്നോട് പറഞ്ഞു. അവരുടെ ഭാഗത്തു നിന്നുള്ള ഈ അഭ്യർഥന അംഗീകരിച്ചതിനാല്‍ ഞങ്ങള്‍ ഷൂട്ടിംഗിനിടെ ഒരിക്കലും ഇടവേള എടുത്തില്ല...." നീലിമ പറയുന്നു.
നാഗചൈതന്യ- ശോഭിത ധുലിപാല വിവാഹനിശ്ചയത്തിന് പിന്നാലെയാണ് നീലിമ ഗുണ പറഞ്ഞ വാക്കുകള്‍ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.






