
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ ഇത്തരം വീഡിയോകളില്‍ പ്രായമുള്ള ആളുകളുടെ അസാമാന്യ പ്രകടനങ്ങള്‍ സംബന്ധിക്കുന്ന വീഡിയോകളും ഉള്‍പ്പെടാറുണ്ട്. ഇത്തരത്തിലുള്ള വീഡിയോകള്‍ പലപ്പോഴും കാണികളെ അമ്പരപ്പിക്കാറുണ്ട്. ഇപ്പോഴിതാ 63 വയസ്സിലും ചടുലമായ നൃത്ത ചുവടുകളും ആയി സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ് ഇവിടെ ഒരു മുത്തശ്ശി. മുംബൈ സ്വദേശിയായ രവി ബാല ശര്‍മയാണ് പ്രായത്തെ മറികടക്കുന്ന തന്റെ ആകര്‍ഷകമായ നൃത്ത ചുവടുകളുമായി ആരാധക ലക്ഷങ്ങളെ ആകര്‍ഷിക്കുന്നത്.
സമൂഹ മാധ്യമങ്ങളില്‍ 'ഡാന്‍സിംഗ് ദാദി' എന്നറിയപ്പെടുന്ന രവി ബാല ശര്‍മയ്ക്ക് സാറാ അലി ഖാന്, ആലിയ ഭട്ട് തുടങ്ങിയ സെലിബ്രിറ്റികളുടെ പോലും ശ്രദ്ധ പിടിച്ചു പറ്റാന്‍ കഴിഞ്ഞിട്ടുണ്ട്. വിവിധ കാലഘട്ടങ്ങളിലെ ട്രെന്‍ഡിംഗ് ഗാനങ്ങള്‍ക്ക് അതിമനോഹരമായാണ് ഈ മുത്തശ്ശി ചുവടുകള്‍ വയ്ക്കുന്നത്. മാധുരി ദീക്ഷിത്, ദീപിക പദുക്കോണ്‍, ഭൂമി പെഡ്നേക്കര്‍ തുടങ്ങിയ താരങ്ങളുടെ നൃത്തച്ചുവടുകള്‍ അതിശയിപ്പിക്കുന്ന മികവോടെയാണ് ഇവര്‍ അവതരിപ്പിക്കുന്നത്. പ്രായം ഒരു നമ്പര്‍ മാത്രമാണെന്നും ആഗ്രഹമുണ്ടെങ്കില്‍ ഏത് സ്വപ്നവും നമുക്ക് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുമെന്നും തെളിയിക്കുകയാണ് രവി ബാല ശര്‍മ്മ.
മുമ്പ് ഉത്തര്‍പ്രദേശില്‍ സംഗീത അധ്യാപകയായിരുന്ന രവി ബാല ശര്‍മ്മ വിരമിച്ച ശേഷം മുംബൈയിലേക്ക് താമസം മാറുകയായിരുന്നു. കോവിഡ് -19 പാന്‍ഡെമിക് ലോക്ക്ഡൗണ്‍ കാലത്താണ് വിരസത മാറ്റാനായി അധ്യാപിക നൃത്തം ചെയ്ത് അത് ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച് തുടങ്ങിയത്. വളരെ പെട്ടെന്ന് തന്നെ ഇവരുടെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടതോടെ ഡാന്‍സിംഗ് ദാദി വൈറലായി മാറി. മകന് ഏകാന്ഷിന്റെ പിന്തുണയില്ലാതെ തന്റെ വിജയം സാധ്യമാകില്ല എന്നാണ് രവി ബാല ശര്‍മ്മ പറയുന്നത്. ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ 6 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട് ഡാന്‍സിംഗ് ദാദിക്ക്.






