
സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതിന് വേണ്ടി ആളുകള്‍ നടത്തുന്ന പല ശ്രമങ്ങളും വലിയ അപകടങ്ങളിലാണ് പലപ്പോഴും അവസാനിക്കുക. വാഹനങ്ങള്‍ ഉപയോഗിച്ച് കൊണ്ടുള്ള അതിസാഹസിക സ്റ്റന്‍ഡുകള്‍ മുതല്‍ ജീവന് പണയം വെച്ച് കൊണ്ടുള്ള അഭ്യാസ പ്രകടനങ്ങള്‍ വരെ ഇതില്‍പ്പെടുന്നു. കഴിഞ്ഞ ദിവസം സുഹൃത്തുക്കളായ ഏതാനും യുവാക്കള്‍ ചേര്‍ന്ന് ചിത്രീകരിച്ച ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടി.
പോര്‍ഷെയുടെ ഏറെ മാറ്റങ്ങള്‍ വരുത്തിയ എക്സ്ഹോസ്റ്റ് ഉപയോഗിച്ച് ഒരു യുവാവ് സിഗരറ്റ് കത്തിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട വൈറല്‍ ഫൂട്ടേജില്‍, തിളങ്ങുന്ന മഞ്ഞ പോര്‍ഷെയുടെ എക്സ്ഹോസ്റ്റിന് സമീപം ഒരാള്‍ അപകടകരമായി സിഗരറ്റ് പിടിച്ച് കത്തിക്കാനുള്ള ശ്രമം നടത്തുന്നത് കാണാം. കാര്‍ എഞ്ചിന് ഓണാക്കുമ്പോള്‍, മാറ്റങ്ങള്‍ വരുത്തിയ എക്സ്ഹോസ്റ്റ് പൈപ്പില്‍ നിന്ന് ഒരു തീജ്വാലയാണ് പുറത്തേക്ക് വരുന്നത്.
യുവാക്കള്‍ കരുതിയത് പോലെ സിഗരറ്റിന് തീപിടിക്കുകയായിരുന്നില്ല സംഭവിച്ചത്. മറിച്ച്, എക്സ്ഹോസ്റ്റ് പൈപ്പില്‍ നിന്നും പുറത്തേക്ക് ആളി വന്ന തീജ്വാലയില്‍ സിഗരറ്റ് പിടിച്ചു കൊണ്ടിരുന്ന യുവാവിന്റെ കൈകളിലും മുഖത്തും പൊള്ളലേല്‍ക്കുന്നു. അയാള്‍ക്ക് പെട്ടെന്ന് പിറകോട്ട് മാറാന്‍ കഴിഞ്ഞതിനാല്‍ വസ്ത്രങ്ങളിലും മറ്റും തീ പിടിക്കാതെ വലിയൊരു അപകടം ഒഴിവായി. പൊള്ളല്‍ ഏറ്റതും യുവാക്കള്‍ ഭയന്ന് വീഡിയോ അവസാനിപ്പിക്കുന്നു. ഒരു സിഗരറ്റ് കത്തിക്കാനുള്ള മികച്ച മാര്‍ഗം ഏതാണ്? എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ടത്.
ആരും ഇത് അനുകരിക്കാന്‍ ശ്രമിക്കരുതെന്ന മുന്നറിയിപ്പും വീഡിയോക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. ഏതാണ്ട് പന്ത്രണ്ട് ലക്ഷം ആളുകളാണ് വീഡിയോ ഇതിനകം കണ്ടത്. 'വില കൂടിയ ലൈറ്റര്‍' എന്നായിരുന്നു ഒരു കാഴ്ചക്കാരന് കുറിച്ചത്. 'നിങ്ങള്‍ക്ക് അടിസ്ഥാന ഊര്‍ജ്ജതന്ത്രം അറിയില്ലെങ്കില്‍ സംഭവിക്കുന്നത്' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന് എഴുതിയത്.






