
മലപ്പുറം: വളാഞ്ചേരി കെഎസ്എഫ്ഇ ശാഖയിൽ ഒരു കോടി രൂപയുടെ മുക്കുപണ്ട പണയ തട്ടിപ്പ്. ബ്രാഞ്ച് മാനേജരുടെ പരാതിയില്‍ ഒരു ജീവനക്കാരനടക്കം അഞ്ചു പേർക്ക് എതിരെ പോലീസ് കേസെടുത്തു. പടപ്പേതൊടി അബ്ദുല്‍ നിഷാദ്, കൊരക്കോട്ടില്‍ മുഹമ്മദ് അഷ്റഫ്,പറങ്ങാട്ടുതൊടി റഷീദലി , കാവുംപുറത്ത് മുഹമ്മദ് ശരീഫ് , കൊളത്തൂര്‍ സ്വദേശി രാജന് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
ബ്രാഞ്ച് മാനേജര്‍ ലിനിമോളുടെ പരാതിയില്‍ പോലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ സ്ഥാപനത്തിലെ ഗോള്‍ഡ് അപ്രൈസറുടെ സഹായത്തോടെയാണ് തട്ടിപ്പ് നടന്നതെന്ന് വ്യക്തമായി. ഇതോടെയാണ് കെഎസ്എഫ്ഇ ശാഖയിലെ ഗോള്‍ഡ് അപ്രൈസര്‍ ജീവനക്കാരനായ രാജന് ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് എതിരെ പോലീസ് കേസെടുത്തത്.
സ്വര്‍ണമെന്ന വ്യാജേന 221.63 പവന് മുക്കുപണ്ടമാണ് നാലുപേര്‍ പല തവണകളായി കെഎസ് എഫ് ഇയില്‍ പണയം വെച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28 നും ഈ വര്‍ഷം ജനുവരി 18 നും ഇടയില്‍ 10 തവണയാണ് പണയം വച്ചിട്ടുള്ളത്. 1.48 കോടി രൂപയാണ് സംഘം തട്ടിയെടുത്തത്. സ്ഥാപനത്തിലെ കൂടുതല്‍ പേര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്






