
ന്യൂഡല്‍ഹി: ലാറ്ററല്‍ എന്‍ട്രി വഴി കേന്ദ്രസര്‍ക്കാരിലെ ഉന്നത പദവികളില്‍ നിയമനം നടത്താന്‍ ലക്ഷ്യമിട്ട് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ യുപിഎസ് സിക്ക് ( യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന്) കത്തയച്ചു. ലാറ്ററല്‍ എന്‍ട്രി റൂട്ട് വഴി കേന്ദ്രസര്‍ക്കാരിലെ 45 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം പിന്‍വലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചത് അനുസരിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആണ് യുപിഎസ് സിക്ക് കത്തയച്ചത്.
സംവരണ തത്വങ്ങള്‍ പാലിക്കാതെ 24 മന്ത്രാലയങ്ങളിലെ ഉന്നതപദവികളില്‍ അടക്കം 45 തസ്തികകളിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി നിയമനം നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷത്തിന്റെയും എന്‍ഡിഎ സഖ്യകക്ഷികളായ ജെഡിയു, എല്‍ജെപി എന്നിവയുടെ ഭാഗത്ത് നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി. സംവരണ തത്വങ്ങള്‍ പാലിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരസ്യം പിന്‍വലിക്കാന്‍ ജിതേന്ദ്രസിങ് യുപിഎസ് സിയോട് ആവശ്യപ്പെട്ടത്.






