
ഉത്തര മലബാറിലെ കാഞ്ഞങ്ങാട്ടിനടുത്ത പടന്നക്കാട് ഇന്നത്തെ നെഹ്‌റു ആര്‍ട്ട്‌സ് സയന്‍സ് കോളേജിന് പിറകുവശത്തായി പുഴക്കരയോടു ചേര്‍ന്നായിരുന്നു പാനൂക്ക തായത്തു കാരി ഗുരുക്കളുടെ തറവാട്. കാരിഗുരുക്കള്‍ ഒരു കരിഞ്ചാമുണ്ഡി ഉപാസകനായിരുന്നു.
താന്ത്രിക വിദ്യകളിലും മാന്ത്രിക കര്‍മ്മങ്ങളിലും ഒറ്റമൂലി ഔഷധ ചികിത്സകളിലും കാരിഗുരുക്കള്‍ അഗ്രഗണ്യനാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. താന്ത്രിക-മാന്ത്രിക കര്‍മ്മങ്ങളില്‍ അദ്ദേഹത്തിന്റെ ഉപാസനാ മൂര്‍ത്തി ശ്രീ കരിഞ്ചാമുണ്ഡി ദേവിയായിരുന്നു. ആ കാലഘട്ടത്തില്‍ രൗദ്രമൂര്‍ത്തിയായ ശ്രീ കരിഞ്ചാമുണ്ഡിയുടെ കളിയാട്ടം അപൂര്‍വ്വമായിരുന്നു. പയ്യന്നൂര്‍ എടിച്ചേരി ആലിന്‍ കീഴിലാണ് ദേവിയുടെ കളിയാട്ടം.
മകരമാസം 16-ന് കളിയാട്ടം നടക്കുന്ന സ്ഥലം ഇന്നത്തെ പയ്യന്നൂര്‍ ടൗണിലാണ്. കാരിഗുരുക്കള്‍ ഇഷ്ടദേവതയുടെ കളിയാട്ടം കാണുവാന്‍ കാഞ്ഞങ്ങാട് നിന്നും പ്രായത്തിന്റെ അവശത മറന്ന് കാല്‍നടയായി പയ്യന്നൂരിലെത്തി.
കളിയാട്ട സമയത്ത് ദേവിയോടു പ്രായത്തിന്റെ അവശതകള്‍ പറഞ്ഞപ്പോള്‍ ഞാന്‍ അങ്ങോട്ട് വന്നുകണ്ടുകൊള്ളാമെന്ന് ദേവി പറഞ്ഞു. അങ്ങനെ വന്നാല്‍ എന്റെ തറവാട്ടിലും കോലം കെട്ടിയാടിക്കാമെന്ന് ഗുരുക്കള്‍ ദേവിക്കു വാക്കു കൊടുത്തു.
കളിയാട്ടം കഴിഞ്ഞു തിരിച്ചുപോകുന്ന സമയത്ത് കാര്യങ്കോട്ട് പുഴകടന്ന് കഴിഞ്ഞപ്പോള്‍ കോല സ്വരൂപത്തിലെ നായന്മാരും അള്ളടസ്വരൂപത്തിലെ നായന്മാരും തമ്മില്‍ പൊരിഞ്ഞ യുദ്ധം നടക്കുന്നത് കാണാനിടയായി. വെട്ടേറ്റ് നിലത്തുവീണ് പിടയുന്ന ഒരു പോലീസുകാരനെ (പടയാളിയെ) കാരിഗുരുക്കള്‍ മടിയില്‍ ക്കിടത്തി ദാഹജലം കൊടുത്തുവെങ്കിലും വൈകാതെ ഗുരുക്കളുടെ മടിയില്‍ക്കിടന്ന് പോലീസുകാരന്‍ മരിച്ചു. ആ പോലീസുകാരന്റെ ആത്മാവ് തെയ്യക്കോലമായി കാരിഗുരുക്കളെ അകമ്പടി സേവിച്ച ശ്രീകരിഞ്ചാമുണ്ഡിയോടൊപ്പം കൂടി.
വീട്ടിലെത്തിയ ഗുരുക്കള്‍ക്ക് കരിഞ്ചാമുണ്ഡിദേവിയുടെ നിറസാന്നിദ്ധ്യമനുഭവപ്പെടാന്‍ തുടങ്ങി. ജ്യോതിഷ പ്രശ്‌നചിന്ത തുടങ്ങിയപ്പോള്‍ പോലീസുകാരന്റെ ആത്മാവ് തെയ്യക്കോലമായി കൂടെക്കൂടിയതുകൊണ്ട് അവര്‍ക്കും ഇരിപ്പിടം നല്‍കുവാന്‍ കരിഞ്ചാമുണ്ഡി ദേവി ആവശ്യപ്പെട്ടു. പ്രശ്‌നചിന്തയ്‌ക്കൊടുവില്‍ ശ്രീ കരിഞ്ചാമുണ്ഡി ദേവിക്കും പോലീസ് തെയ്യത്തിനും സ്ഥാനം നല്‍കുവാനും കോലം കെട്ടിയാടിക്കുവാനും തീരുമാനമായതാണെന്ന് ഐതിഹ്യം.






