
അബുദാബി: യുഎഇയില്‍ ഇന്ന് പൊടിക്കാറ്റും ദൃശ്യപരത കുറയാനുള്ള സാധ്യതയും കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. ഇന്നത്തെ കാലാവസ്ഥ പൊടി നിറഞ്ഞതും ഭാഗികമായി മേഘാവൃതവും ആയിരിക്കും എന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ചില കിഴക്കന്‍, തെക്കന്‍ പ്രദേശങ്ങളില്‍ പൂര്‍ണമായി മേഘാവൃതവും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.അതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.
പൊടിയില്‍ നിന്ന് ഫോട്ടോയും വീഡിയോയും എടുത്ത് ശ്രദ്ധ തിരിക്കുന്നതിനെതിരെയും പൊലീസ് രംഗത്തെത്തി. രാജ്യത്തുടനീളം നേരിയതോ മിതമായതോ ആയ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് വടക്ക്, കിഴക്ക് ഭാഗത്തേക്കായിരിക്കും കാറ്റ് വീശുക എന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു.അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ പ്രക്ഷുബ്ധമോ ഒമാന്‍ കടലില്‍ ചില സമയങ്ങളില്‍ നേരിയതോ മിതമായതോ ആയിരിക്കും. രാജ്യത്തിന്റെ പര്‍വതപ്രദേശങ്ങളില്‍ താപനില 22 ഡിഗ്രി സെല്‍ഷ്യസായി കുറയുമെന്നും ആന്തരിക പ്രദേശങ്ങളില്‍ ഉയര്‍ന്ന താപനില 43 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നും പ്രതീക്ഷിക്കുന്നു. ഈര്‍പ്പനില 80 ശതമാനത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഗസ്റ്റ് 23 വരെ നേരിയ മഴയും പൊടിപടലങ്ങളുമുള്ള കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുക എന്നാണ് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനം. കഴിഞ്ഞ നാല് ദിവസമായി രാജ്യത്ത് കാലാവസ്ഥ ഭാഗികമായി മേഘാവൃതവും പൊടി നിറഞ്ഞതുമാണ്. യുഎഇയുടെ ചില ഭാഗങ്ങളില്‍ നേരിയ മഴ ലഭിക്കുന്നുണ്ട്. ഇത് ചൂടിന് അല്പം ശമനം നല്‍കുന്നുണ്ട്.






