
കോട്ടയം: വൈക്കം എസ്എച്ച്ഒയ്ക്കെതിരെ പരാതിയുമായി സി കെ ആശ എംഎല്‍എ. എംഎല്‍എയെ എസ്എച്ച്ഒ കെ ജെ തോമസ് അധിക്ഷേപിച്ചെന്നാണ് പരാതി. തോമസിനെതിരെ സി കെ ആശ നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്കി.എംഎൽഎയുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് എസ്എച്ച്ഒ നടത്തിയതെന്നും ഗവർണർക്കടക്കം വിഷയം ചൂണ്ടിക്കാട്ടി പരാതി നൽകി.
കഴിഞ്ഞദിവസം, നഗരത്തില്‍ വഴിയോരത്തെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ എത്തിയ പോലീസിനെ സിപിഐ, എഐടിയുസി പ്രവര്‍ത്തകര്‍ തടഞ്ഞതാണു സംഭവത്തിന്റെ തുടക്കം. പ്രതിഷേധക്കാരെ പൊലീസ് ബലംപ്രയോഗിച്ചു സ്റ്റേഷനിലെത്തിച്ചു. വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ എംഎല്‍എ എസ്എച്ച്ഒയെ ഫോണില്‍ വിളിച്ച് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടരമണിക്കൂര്‍ കഴിഞ്ഞിട്ടും തോമസ് എത്തിയില്ല. 'അവള് അവിടെ ഇരിക്കട്ടെ. എനിക്കിപ്പോള്‍ സൗകര്യമില്ല' എന്ന് സംഘര്‍ഷസ്ഥലത്തു നിന്ന് എസ്എച്ച്ഒ പറഞ്ഞതായി എംഎല്‍എ പ്രതികരിച്ചു.
അതേസമയം താന്‍ ആരോടും മോശമായി പെരുമാറിയിട്ടില്ലെന്ന് വൈക്കം എസ്എച്ച്ഒ തോമസ് പ്രതികരിച്ചു. എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായതായിരിക്കും. സമരം നടക്കുമ്പോള്‍ അവിടെ ഡ്യൂട്ടി ചെയ്യാന്‍ പോയതാണ്. അല്ലാതെ ആരെയും അപമാനിച്ചിട്ടില്ല. മറ്റ് പ്രതികരണങ്ങള്‍ക്കില്ലെന്നും തോമസ് മാധ്യമങ്ങേളാട് പറഞ്ഞു.






