
ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ സിനിമാമേഖലയിലെ ഞെട്ടിക്കുന്ന പല സത്യങ്ങളും പുറത്തു വന്നു. മലയാള സിനിമയെ പിടിച്ചുകുലുക്കി കൊണ്ടാണ് റിപ്പോര്‍ട്ടിലെ ഓരോ തുറന്നു പറച്ചിലുകളും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. സ്ത്രീകള്‍ സിനിമാമേഖലയില്‍ അനുഭവിക്കുന്ന ചൂഷണങ്ങളെ കുറിച്ച് നിരവധി കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള പല സെലിബ്രിറ്റികളുടെയും അഭിപ്രായങ്ങളും പ്രതികരണങ്ങളും അറിയാനാണ് പലരും കാത്തിരിക്കുന്നത്. ചിലരൊക്കെ പ്രതികരണം സോഷ്യല്‍ മീഡിയയിലൂടെയും മറ്റും അറിയിക്കുന്നുണ്ടെങ്കിലും ഈ വിഷയത്തില്‍ പ്രതികരിക്കാത്തവരെ വിമര്‍ശിച്ചും സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ വരുന്നുണ്ട്.
ഇതിനിടെ ഇപ്പോഴിതാ പ്രതികരിക്കാത്തത് അവസരങ്ങള്‍ നഷ്ടപ്പെടുമോ എന്ന ഭയം കൊണ്ടാണെന്ന കമന്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി സീമ ജി നായര്‍. റിപ്പോര്‍ട്ടിലുള്ളത് എന്താണെന്ന് വായിച്ച് മനസിലാക്കാതെ അതിലെങ്ങനെ മറുപടി പറയാന്‍ സാധിക്കുമെന്നാണ് സീമ ചോദിക്കുന്നത്.
‘‘ഇന്നലെ ഞാന്‍ ഇട്ട പോസ്റ്റിന്റെ താഴെ ഒരു കമന്റ് വന്നിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഞാന്‍ പ്രതികരിച്ചില്ലെന്ന്. അവരോട് മര്യാദക്ക് ഞാന്‍ കാര്യം പറഞ്ഞു. പിന്നെയും പിന്നെയും കമന്റ് ഇട്ടുകൊണ്ടേയിരുന്നു. മറുപടിയും കൊടുക്കേണ്ടി വന്നു. 240 പേജ് വരുന്ന ഒരു റിപ്പോര്‍ട്ടില്‍ എതെങ്കിലും ഒരു ഭാഗത്തുള്ളതാണ് ഇപ്പോള്‍ എല്ലാ ന്യൂസ് ചാനലിലും വന്നു കൊണ്ടിരിക്കുന്നത്.
അത് വായിച്ചു മനസിലാക്കാതെ, വാളെടുക്കുന്നവന്‍ വെളിച്ചപ്പാട് എന്ന് പറഞ്ഞു തല്ക്കാലം പ്രതികരിക്കാന്‍ ഇല്ല. ഞാന്‍ ചില കാര്യങ്ങളില്‍ പ്രതികരിച്ചിട്ടുണ്ട്. ഇത് അങ്ങനെ അല്ല. അത്രയും വിശദമായി പഠിക്കേണ്ട ഒന്നാണ്. അതിനു ചാന്‍സ് പോകുമെന്ന് ഭയന്നാണ് മിണ്ടാതെ ഇരിക്കുന്നതെന്ന് ആരോപണം.
40 വര്‍ഷമായി ഈ തൊഴിലിടത്തില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട്. ആരുടേയും റെക്കമന്റില് എനിക്ക് പടം കിട്ടിയിട്ടില്ല. അഭിനയിക്കാന്‍ അറിയാം എന്ന് വിളിക്കുന്നവര്‍ക്ക് തോന്നിയിട്ടാണ് എനിക്ക് തൊഴില്‍ കിട്ടിയിട്ടുള്ളത്.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ ഗുരുതരമായ പ്രശ്നങ്ങളുടെ പുറകെ ആയിരുന്നു ഞാന്‍. ഇപ്പോളും അങ്ങനെ ആണ്.
അവരുടെ ജീവന് രക്ഷിക്കാന്‍ ഓടുമോ. അതോ പ്രതികരിച്ചു കൊണ്ട് ഉള്ള പ്രശ്നങ്ങളുടെ കൂടെ കുറെ പ്രശ്ങ്ങളും കൂടെ കേറ്റി വെച്ച് നില്‍ക്കണോ. മറ്റുള്ളവര്‍ക്ക് ഒരു ചായ പോലും മേടിച്ചു കൊടുക്കാന്‍ കഴിവില്ലാത്തവര്‍ ആണ് എന്നെ പ്രതികരിക്കാന്‍ പഠിപ്പിക്കാന്‍ വരുന്നവര്‍.
പ്രൊഫൈല്‍ ലോക്ക് ചെയ്തു സംസാരിക്കുന്നവര്‍ ആണാണെങ്കിലും പെണ്ണാണെങ്കിലും രണ്ടും കേട്ടവര്‍ ആണ്. അത് ഓപ്പണ്‍ ചെയ്യൂ. എന്നിട്ടു സംസാരിക്കാം. ഇപ്പോഴത്തെ കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം ഞാന്‍ പ്രതികരിക്കാത്തതാണ്. അതുകൊണ്ട് ഇവിടെ എന്തും സംഭവിക്കാം...’’ എന്നാണ് സീമ സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചിരിക്കുന്നത്. പ്രൊഫൈല്‍ ലോക്ക് ചെയ്ത ഒരാളിന്റെ പ്രൊഫൈല്‍ പങ്കിട്ടാണ് സീമയുടെ കുറിപ്പ്.
സീമ ജി നായരുടെ പോസ്റ്റിനു താഴെ നിരവധി പേര് താരത്തെ അനുകൂലിച്ചും പോസ്റ്റിനെ പിന്തുണച്ചും കമന്റുകളിടുന്നുണ്ട്.
‘‘ചേച്ചി നല്ല മനസിന് ഉടമയാണ്. ചേച്ചിക്ക് നല്ലതെന്ന് തോന്നുന്നത് പറയാം. ചെയ്യാം. അതിന് മറ്റൊരാളിന്റെയും സഹായം വേണ്ട. അതിനുള്ള ബോധം ചേച്ചിക്കുണ്ട്. ഒരിക്കലും ചേച്ചി നട്ടെല്ല് പണയം വെക്കില്ലെന്നും നമുക്ക് അറിയാം. അഭിനയത്തോടൊപ്പം ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും, വേദനിക്കുന്നവരുടെ കണ്ണീരൊപ്പുകയും, അവര്‍ക്ക് തണലാകുകയും ചെയ്യുന്ന മലയാളത്തിന്റെ പിയ നടി സീമ ജി. നായര്‍ നിങ്ങളെ ഏറെ ബഹുമാനമാണ്. നന്മകള് മാത്രം നേരുന്നു...,40 വര്‍ഷമായി സിനിമാ മേഖലയിലുണ്ട്. അതിലുപരി ഒരുപാട് കഷ്ടത അനുഭവിക്കുന്ന, ജനഹൃദയങ്ങളില്‍ ഉണ്ട്. തനിക്ക് കിട്ടുന്ന തുച്ഛമായ പ്രതിഫലം കൊണ്ട് കഷ്ടത അനുഭവിക്കുന്ന ഒരുപാട് ഹൃദയങ്ങളെ ചേര്‍ത്തു നിര്‍ത്താന്‍ ചേച്ചി കാണിക്കുന്ന മനസ്സ് അത് ഞങ്ങള്‍ക്ക് അറിയാം. ദൈവം അനുഗ്രഹിക്കട്ടെ. പിന്നെ നല്ലതിനെ മാത്രം കാണുക. എന്തിനും തെറ്റു കാണുന്നവര്‍ക്ക് വേറെ പണിയില്ല അവര്‍ കണ്ടുകൊണ്ടിരിക്കട്ടെ, നമ്മള് അങ്ങനെയല്ലല്ലോ, ചേച്ചി പറഞ്ഞപോലെ നമ്മള്‍ക്ക് തന്നെ പരിഹരിക്കാന്‍ ഒരുപാട് പ്രശ്നങ്ങളുണ്ട്. അതെല്ലാം ദൈവം വേഗം പരിഹരിച്ച് തരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...’ എന്നതടക്കമാണ് സീമയെ പിന്തുണച്ച് വരുന്ന കമന്റുകള്‍.






