സ്ത്രീ പുരുഷ ജാതകങ്ങളുടെ കൂട്ടിച്ചേര്‍ക്കല്‍ മൂലം ഒരു ദാമ്പത്യജീവിതത്തിന്റെ പൂര്ണ്ണജാതകം ഉണ്ടാകുന്നുവെന്ന ജ്യോതിഷരഹസ്യം ജനങ്ങള്‍ക്കുള്ള സന്ദേശമാണ്.
എന്റെ അടുത്തുവരുന്ന ഭൂരിപക്ഷം മാതാപിതാക്കളുടേയും ദുഃഖം എന്റെ മകളുടെ വിവാഹം നടക്കുന്നില്ല, മകന് വിവാഹം വേണ്ട, മകള്‍ വിവാഹം കഴിച്ചിട്ട് ഒരുമാസമേ ആയിട്ടുള്ളൂ, ഭര്‍ത്തൃഗൃഹത്തില്‍ പോകുന്നില്ല, മകന് ഭാര്യയെ വേണ്ടാ. ഇതിനുള്ള അടിസ്ഥാന കാരണം അവരുടെ ഗ്രഹനിലയില്‍ ജനിച്ച സമയത്തുതന്നെ പ്രപഞ്ചനാഥന് വിധിച്ചിട്ടുണ്ടെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. നക്ഷത്രപ്പൊരുത്തം മാത്രം നോക്കി നടത്തുന്ന വിവാഹത്തിലൂടെ ഇതറിയുവാന്‍ കഴിയില്ല.
കുടുംബം, സ്വഭാവം, ആയുസ്സ്, ഭാഗ്യം, വിദ്യാഭ്യാസം, ജോലി, വിവാഹം, സന്താനം, പുനര്‍വിവാഹം, സന്യാസം, വിരഹ വേര്‍പാടുകള്‍ ഇതെല്ലാം ഗ്രഹനിലയിലൂടെ മാത്രമേ ജ്യോത്സ്യന് മനസ്സിലാക്കുവാന്‍ കഴിയുകയുള്ളൂ.
മുന്‍പരിചയമില്ലാത്ത രണ്ടു വ്യക്തികളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും അത് സാധിക്കുമോയെന്ന് നിര്‍ണ്ണയിക്കുന്നതും ഗ്രഹനിലയിലൂടെ മാത്രമാണ്.
വരാനിരിക്കുന്ന മാരകരോഗത്തെയും വൈധവ്യത്തെപ്പറ്റിയും സന്താനത്തെക്കുറിച്ചും ഒരു ജ്യോതിഷപണ്ഡിതന് മുന്‍കൂട്ടി പ്രവചിക്കുന്നത് അനുഭവത്തില്‍ വരുന്നത് കാണുമ്പോഴാണ് ആ ശാസ്ത്രത്തിന്റെ പ്രസക്തി മനസ്സിലാക്കുന്നത്.
ശൃംഗാരാദി കലകളുടെ കാരകനായ ശുക്രന് വിവാഹകാരകനാണ്. ആ ഗ്രഹത്തിന്റെ വൃശ്ചികരാശി സ്ഥിതി, നീചസ്ഥിതി, പാപമദ്ധ്യസ്ഥിതി ഇതെല്ലാം ഇതിന് കാരണമാണ്. അതറിയുവാന്‍ പ്രശ്നം ആവശ്യമില്ല. ജാതക പരിശോധന മാത്രം മതി. പാപഗ്രഹങ്ങള്‍ ശുക്രന്റെ ഇരുവശത്തും നില്‍ക്കുകയോ, ജാതകത്തില്‍ ശുക്രന്റെ ചതുരശ്രത്തില്‍ പാപന്മാര് നില്‍ക്കുകയോ ചെയ്താല്‍ ശുഭഗ്രഹയോഗ ദൃഷ്ടി ഇല്ലെങ്കില്‍ ഭാര്യ കെട്ടിത്തൂങ്ങിയോ, അഗ്നിമൂലമോ, പെട്രോള്‍, മണ്ണെണ്ണ ഉപയോഗിച്ചോ മരണപ്പെടുമെന്ന് പ്രമാണം ഉദ്ധരിച്ചുകൊണ്ട് ആചാര്യന്മാര് പഠിപ്പിച്ചിരിക്കുന്നു. ഇത് ശാസ്ത്രവചനമരണം. പൊരുത്തം നോക്കിയാല്‍ ഇതറിയില്ല. പാപജാതകങ്ങള് തമ്മില്‍ ചേര്‍ക്കുമ്പോള്‍ ആ ദോഷം നാം അറിയാതെ കടന്നുപോകും. സന്താനമുണ്ടാകുമോ, ഇല്ലയോ ഇത് ഗ്രഹനിലയിലൂടെ പ്രവചിക്കുവാന്‍ സാധിക്കും.
തന്റെ മകളുടെ, അന്യജാതിക്കാരനുമായുള്ള വിവാഹം, ഒളിച്ചോട്ടം, പുനര്‍വിവാഹം ഇതെല്ലാം ജാതക പരിശോധനയിലൂടെ രക്ഷിതാക്കള്‍ക്ക് മുന്‍കൂര്‍ അറിയാന്‍ സാധിക്കും. തടയാനും സാധിക്കും. തന്റെ സന്താനങ്ങളുടെ ജാതകം കൃത്യമായി ജ്യോതിഷനെ കാണിച്ചിരിക്കണം. വരാനിരിക്കുന്ന ദുര്‍വ്വിധിയെ മുന്കൂട്ടിക്കാണിച്ചു തരുന്നതാണ് 'ജ്യോതിഷം'. തലവിധി വരുന്നത് വരട്ടെയെന്ന് വിചാരിക്കരുത്.
കാന്‍സര്‍, രോഗമാണെങ്കിലും മുന്‍കൂട്ടി അറിയുന്നതുകൊണ്ടല്ലേ ചികിത്സിച്ചു മാറ്റുന്നത്. ജ്യോതിഷശാസ്ത്രം അനുസരിച്ചുള്ള പ്രതിവിധി ചെയ്യുക. ദുഷ്കര്‍മ്മം ഫലം നല്‍കില്ല.
ജ്യോതിഷശാസ്ത്രം സത്യമാണ്- അത് ഈശ്വരനാണ്.






