
തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട് നിരോധനത്തെ തുടര്‍ന്ന് നടക്കുന്ന പ്രക്ഷോഭത്തെ അഭിനന്ദിച്ച് നടനും സംവിധായകനുമായ ജോയി മാത്യു. 'തമിഴ്ജനതയ്ക്ക് സ്വന്തമെന്ന് പറയാന്‍ ജെല്ലിക്കെട്ടെങ്കിലുമുണ്ട്. നമുക്കോ, പരസ്പരം വേലികെട്ടി അകന്നിരിക്കാന്‍ ഇല്ലിക്കെട്ടും' എന്ന് ജോയി മാത്യു തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:-
ജനവികാരം എന്നാല്‍ ഇതാണ്. ഒരു രാഷ്ട്രീയപാര്‍ട്ടിയ്ക്കും മുതലെടുക്കാന്‍ കഴിയാത്ത തമിഴന്റെ ആത്മവീര്യം അതാണ് ജെല്ലിക്കെട്ട്. തങ്ങളുടെ സാംസ്കാരികത്തനിമയെ നെഞ്ചോട് ചേര്‍ക്കുന്ന ദ്രാവിഡപ്പെരുമയാണത്. അകലെ നിന്നും നോക്കുന്നവര്‍ക്ക് പോഴത്തമായി തോന്നാം എന്നാല്‍ തങ്ങളുടെ സാംസ്കാരിക പാരമ്പര്യത്തെ അവരില്‍ നിന്നും പറിച്ചു മാറ്റുമ്പോള്‍ ഒരു നാട് മുഴുവന്‍ ഒറ്റക്കെട്ടായി അതിനെ പ്രതിരോധിക്കുന്നു. അപ്പോള്‍ ഏത് ഭരണകൂടവും നിയമങ്ങള്‍ മാറ്റാന്‍ നിര്‍ബന്ധിതരാകും. ഇത്തരം ജനമുന്നേറ്റങ്ങളുടെ പേരാണ് ജല്ലിക്കെട്ട്.
കഷ്ടകാലത്തിന് നമ്മള് മലയാളിയ്ക്ക് 'ഇതാ നമ്മുടെ സംസ്കാരികത്തനിമ' എന്നു പറയാനും ഒറ്റക്കെട്ടായി നില്‍ക്കാനും എന്നാണ് കഴിയുക. തമിഴ്ജനതയ്ക്ക് സ്വന്തമെന്ന് പറയാന്‍ ജെല്ലിക്കെട്ടെങ്കിലും ഉണ്ട്. നമുക്കോ പരസ്പരം വേലികെട്ടി അകന്നിരിക്കാന്‍ ഇല്ലിക്കെട്ടും.






