
ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും മാത്രമല്ല വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളുമാണ് ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ ഏറെ വിചിത്രമെന്ന് തോന്നിക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സംഗതി വേറൊന്നുമല്ല മൂന്നു കാലുകള്‍ ഉള്ള ഒരു കോഴിയായിരുന്നു ആ സോഷ്യല്‍ മീഡിയ പോസ്റ്റിലെ താരം. കോഴിക്ക് എങ്ങനെ മൂന്നു കാലുകള്‍ എന്നല്ലേ സംശയം? വൈറലായ സോഷ്യല്‍ മീഡിയ പോസ്റ്റ് പ്രകാരം ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ ആണ് ഇത്തരത്തില്‍ ഒരു അപൂര്‍വ്വ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ബഹ്റൈച്ച് നഗരത്തില്‍ പത്ത് വര്‍ഷമായി കോഴിക്കട നടത്തുന്ന അഫ്താബ് ആലം എന്നയാളുടെ കടയിലാണ് മൂന്നുകാലുകള്‍ ഉള്ള ബ്രോയിലര്‍ കോഴിയെ കണ്ടെത്തിയത്. ഇത്രയും നാളും കച്ചവടം നടത്തിയിട്ടും ഇതാദ്യമായാണ് തനിക്ക് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടാകുന്നത് എന്നാണ് ആലം പറയുന്നത്. സംഗതി നാടുമുഴുവന്‍ അറിഞ്ഞതോടെ ഓരോ ദിവസവും നിരവധി ആളുകളാണ് ആലത്തിന്റെ കടയില്‍ മൂന്നു കാലുള്ള കോഴിയെ കാണാന്‍ എത്തുന്നതത്രെ. പലരും കോഴിക്കൊപ്പം നിന്ന് സെല്‍ഫി എടുത്തതിനുശേഷം ആണ് കടയില്‍ നിന്നും മടങ്ങുന്നതെന്നും ആലം പറയുന്നു. ബ്രോയിലര്‍ ചിക്കന്‍ ബ്രീഡ് കോഴികളെ വളര്‍ത്തുന്നത് അവയുടെ മാംസത്തിന് വേണ്ടിയാണ്. വെറും 60 മുതല്‍ 70 ദിവസം കൊണ്ട് ഇവയ്ക്ക് സാധാരണയായി 2 കിലോഗ്രാം ഭാരമുണ്ടാകും. മൂന്നു കാലുള്ള കോഴിയെ തന്റെ കോഴിക്കൂട്ടത്തിനിടയില്‍ അവിചാരിതമായാണ് താന്‍ കണ്ടെത്തിയതെന്നാണ് ആലം പറയുന്നത്.
മൊത്തവ്യാപാരികളില്‍ സാധാരണയായി കോഴികളെ വാങ്ങുന്നതെന്നും ഏറ്റവും അവസാനമായി വാങ്ങിയപ്പോഴാണ് ഇത്തരത്തില്‍ ഒരു അപൂര്‍വമായ കോഴിയെ കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. വാങ്ങിയ കോഴികളുടെ തൂക്കം പരിശോധിക്കുന്നതിനിടയിലാണ് ഒരു കോഴിക്ക് മൂന്നു കാലുള്ളതായി ശ്രദ്ധയില്‍പ്പെട്ടതത്രെ. ആദ്യ കാഴ്ചയില്‍ സ്തംഭിച്ചു പോയെങ്കിലും പിന്നീട് താന്‍ അതിനെ വാങ്ങിക്കുകയായിരുന്നുവെന്നും ആലം പറഞ്ഞു.






