
ഭക്ഷണ വിഭവങ്ങളുമായി ബന്ധപ്പെട്ട് ഒട്ടനവധി വീഡിയോകളാണ് ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ പുതിയ വിഭവങ്ങളെ കുറിച്ച് അറിയാനും അവ പരീക്ഷിക്കാനുമെല്ലാം ആളുകള്‍ക്ക് ഇഷ്ടമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ ഈ റെസിപ്പി പരീക്ഷിക്കാന്‍ ആഐസ്ലാന്ഡുകാര് അല്പം പാടുപെടും. കാരണം എന്താണന്നല്ലേ? റെസിപ്പി ഹിറ്റായതിന് പിന്നാലെ അതിലെ പ്രധാന താരമായ കക്കരിക്ക് ഐസ്ലന്ഡില് ക്ഷാമം അനുഭവപ്പെട്ടുത്തുടങ്ങി. ഇതോടെ കക്കിരി സാലഡ് ഉണ്ടാക്കാന്‍ കഴിയാത്തതിന്റെ സങ്കടത്തിലാണ് ഇവിടുത്തുകാര്‍.
കണ്ടന്റ് ക്രിയേറ്ററായ ലോഗന് മോഫിറ്റ് ആണ് ഈ വൈറലായ സാലഡ് വീഡിയോയ്ക്ക് പിന്നില്‍. 'കുക്കുമ്പര്‍ ഗൈ' എന്നാണ് ലോഗന് അറിയപ്പെടുന്നത് തന്നെ. 5.5 മില്ല്യണ്‍ ഫോളോവേഴ്സുള്ള ലോഗന് ജൂലൈ മുതല്‍ നിരന്തരം കക്കിരിയുപയോഗിച്ചു കൊണ്ടുള്ള വിവിധ വിഭവങ്ങളുടെ വീഡിയോയാണ് തന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുന്നത്. ഇതില്‍ വലിയ വൈറലാവുകയും ഐസ്ലന്‍ഡിലുള്ള അനേകങ്ങള്‍ ഈ സാലഡുണ്ടാക്കാന് ആരംഭിക്കുകയും ചെയ്തത്രെ.
ഇതോടെ നാട്ടില്‍ കക്കിരിക്ക് ക്ഷാമമായി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കര്‍ഷകര്‍ക്കും കക്കിരി എത്തിക്കാന്‍ പറ്റുന്നില്ല എന്നായതോടെ ഹോളണ്ടില്‍ നിന്നും അടിയന്തരമായി കക്കിരി ഇറക്കുമതി ചെയ്യുകയായിരുന്നു എന്നുമാണ് ഐസ്ലാന്‍ഡിലെ ഓണ്‍ലൈന്‍ സ്റ്റോറായ ക്രോണന് പറയുന്നത്. ആറ് ദശലക്ഷം കക്കിരിയാണ് രാജ്യത്ത് വിളവെടുക്കുന്നത്. രാജ്യത്തെ ജനസംഖ്യ 3.93 ലക്ഷവും. അതേസമയം തന്നെ കക്കിരി ക്ഷാമത്തിന് പിന്നില്‍ ഈ വൈറല്‍ വീഡിയോ മാത്രമല്ലെന്നും കക്കിരി പുതുതായി നടുന്ന സമയമായതിനാല്‍ കൂടിയാണെന്നും പറയുന്നുണ്ട്.
എല്ലാ വര്‍ഷവും ഈ സമയത്ത് രാജ്യത്ത് കക്കിരിക്ഷാമം ഉണ്ടാകാറുണ്ട് എന്നും പറയുന്നു. അതേസമയം തന്നെ നേരത്തെ തന്നെ വൈറല്‍ വീഡിയോയ്ക്ക് പിന്നാലെ കക്കിരിക്ക് വലിയ ഡിമാന്‍ഡായിരുന്നു എന്നും ആ സമയത്ത് നല്ല ഉത്പാദനം ഉണ്ടായതുകൊണ്ട് അറിയാത്തതാണ് എന്ന് കര്‍ഷകര്‍ പറഞ്ഞതായും ബിബിസി എഴുതുന്നു.






