
മരിയാപുരം ഗ്രാമം. ഇവിടെയാണ് എബിയുടെ ജീവിതവും സ്വപ്നങ്ങളും പ്രതീക്ഷകളുമുള്ളത്. തനി ഗ്രാമീണനായ, സാധാരണക്കാരനില്‍ സാധാരണക്കാരനായ എബി നാടുമായിട്ടും കുടുംബമായിട്ടും സുഹൃത്തുക്കളായിട്ടും ഏറെ പൊരുത്തപ്പെട്ടു കഴിയുകയാണ്. മനസ്സിനിണങ്ങിയ ഒരു കളിക്കൂട്ടുകാരിയുടെ മധുരമായ ഓര്‍മ്മകളുണ്ട് കൂട്ടിന്.
പക്ഷേ അവര്‍ക്കൊന്നുമില്ലാത്ത അപാരമായ ബുദ്ധിശക്തിയും മിടുക്കും എബിക്കുണ്ട്. മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം വട്ടാണെന്നുവരെ പറയാമെങ്കിലും എബിക്ക് അതു ലക്ഷ്യമാണ്. പിറകില്‍ വിശാലമായ ചിറകുണ്ടായിരുന്നെങ്കില്‍ ആകാശനീലിമയിലേക്കു പറന്നുയരാമെന്ന് എബി സ്വപ്നം കണ്ടു. സ്വപ്നത്തില്‍ പലപ്പോഴും എബി പറന്നുകളിച്ചു.
തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ എബിയുടെ ബുദ്ധി പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ അതൊരു തപസ്സാക്കി മാറ്റി. നാട്ടുകാരും മറ്റും കളിയാക്കി രസിച്ചപ്പോള്‍ എബി ഗൗരവത്തിലായിരുന്നു. സുഹൃത്തുക്കളൊക്കെ ആദ്യമൊക്കെ ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് എബിയില്‍ കുറെ വിശ്വാസമൊക്കെ വന്നുതുടങ്ങി.
ഇതൊന്നും കാര്യമാക്കാതെ തന്റെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാന്‍ എബി യാത്ര തുടങ്ങിയിരുന്നു. തുടര്‍ന്ന് എബിയുടെ യാത്രയ്ക്കിടയില്‍ നേരിടേണ്ടിവരുന്ന സംഭവബഹുലവും രസകരങ്ങളുമായ മുഹൂര്‍ത്തങ്ങളാണ് 'എബി' എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.
ഇത്തരത്തിലുള്ള ഒരു സിനിമ ആദ്യം. ഇനി ഇങ്ങനത്തെ സിനിമയും അസാധ്യം. സംവിധായകന് ശ്രീകാന്ത് മുരളി പറഞ്ഞു. പ്രിയദര്‍ശനന്റെ ശിഷ്യനായ ശ്രീകാന്ത് മുരളിയുടെ ആദ്യചിത്രമാണ് 'എബി.'
'കുഞ്ഞിരാമായണം' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം വിനീത് ശ്രീനിവാസന്, അജു വര്‍ഗീസ്, നിര്‍മ്മാതാവ് സുവിന് കെ. വര്‍ക്കി എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'എബി.' കുഞ്ഞി രാമായണത്തിനു ശേഷം വിനീത് ശ്രീനിവാസന് എബിയായി നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നു ഈ ചിത്രത്തില്‍.
മെറീന മൈക്കിള്‍ നായികയായി പ്രത്യക്ഷപ്പെടുന്നു.അജുവര്‍ഗ്ഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, സുധീര്‍ കരമന, ഹരീഷ് പേരടി, ബാലാജി, ദിലീഷ് പോത്തന്, സുബീഷ് സുധി, ഗോകുല്‍, ഷാജി ചെന്നൈ, ബോളിവുഡ് താരം മനീഷ് ചൗധരി, വിനീത കോശി, പ്രസീദാ മേനോന്, മായാ മേനോന് തുടങ്ങിയവരും ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ലിറ്റില്‍ ബിഗ്ഗ് ഫിലിംസിന്റെ ബാനറില്‍ സുവിന് കെ. വര്‍ക്കി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം സന്തോഷ് എച്ചിക്കാനം എഴുതുന്നു. സുധീര്‍ സുരേന്ദ്രന് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍, അനില്‍ ജോണ്സണ്, ജെയ്സണ്‍ ജെ. നായര്‍ എന്നിവര്‍ സംഗീതം പകരുന്നു.
പ്രൊഡക്്ഷന്‍ കണ്ട്രോളര്- മനോജ് പൂങ്കുന്നം, കല- രഞ്ജിത്ത് കോത്തേരി, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- ജയപ്രകാശ് അതല്ലൂര്‍, പരസ്യകല- സുനില്‍രാജ്, എഡിറ്റര്‍- ഇ.എസ്. സൂരജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സാഗര്‍, അസോസിയേറ്റ് ഡയറക്ടര്‍- സബ, സംവിധാന സഹായികള്‍- പ്രശാന്തന് എം.പി., സഫീര്‍ തൈലന്‍, സിബിന് രാജ്, ജിതിന് ജോ ഫ്രാന്‍സിസ്, സന്‍വിന്‍ സന്തോഷ്, പ്രൊഡക്്ഷന്‍ ഡിസൈനര്‍- ഷിജി പട്ടണം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അഭിലാഷ് ജോര്‍ജ്, ജോര്‍ജ് ബനഡിക്ട് ജോണ്‍, കോ-പ്രൊഡ്യൂസര്‍- പ്രശോഭ് കൃഷ്ണ, ക്രിയേറ്റീവ് കോണ്ട്രിബ്യൂഷന്- ഷാജി നാരായണന്, പ്രൊഡക്്ഷന്‍ എക്സിക്യൂട്ടീവ്- അനില്‍ അങ്കമാലി, സജീവ് ചന്തിരൂര്‍. ഫെബ്രുവരി അവസാനം സെന്‍ട്രല്‍ പിക്ചേഴ്സ് 'എബി' തിയേറ്ററിലെത്തിക്കും.






