
മലയാള സിനിമാമേഖലയെ മുഴുവന്‍ ഞെട്ടിച്ചു കൊണ്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തു വന്നത്. ഒരുപാട് നടിമാര്‍ തങ്ങള്‍ക്കുണ്ടായ മോശം അനുഭവങ്ങള്‍ അതിലൂടെ പങ്കിട്ടിരുന്നു. റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ നിരവധി നടിമാര്‍ തങ്ങള്‍ക്കുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ പേര് സഹിതം വെളിപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.
മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ നേതൃസ്ഥാനം വഹിക്കുന്നവരുടെ പേരിലും പല തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് വേണ്ടി തുടങ്ങിയ വിമണ്‍ ഇൻ സിനിമാ കളക്റ്റീവ് സംഘടനയിലെ ആരെങ്കിലും അമ്മയുടെ തലപ്പത്ത് വരാന്‍ സാധ്യതയുണ്ടോ എന്ന തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടു നീങ്ങുന്നത്. ഡബ്ല്യൂസിസി അംഗങ്ങള്‍ തങ്ങളുടെ വിജയം സോഷ്യല്‍ മീഡിയയിലൂടെ നന്നായി ആഘോഷിക്കുന്നുണ്ട്. പോസ്റ്റുകളിലൂടെയാണ് അവര്‍ തങ്ങളുടെ സന്തോഷവും പ്രതികരണങ്ങളും അറിയിക്കുന്നത്.
ഇപ്പോഴിതാ ഡബ്ല്യൂസിസി അംഗവും നടിയുമായ സജിത മഠത്തിലിന്റെ പുതിയ പോസ്റ്റ് ശ്രദ്ധിക്കപ്പെടുകയാണ്. ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, ബീന പോള്‍ എന്നിവരടങ്ങുന്ന ചിത്രം പങ്കിട്ടാണ് താരത്തിന്റെ കുറിപ്പ്.
‘‘അന്ന് എന്തിനായിരുന്നു ഇത്രമേൽ ചിരിച്ചത്...‘കാരവനിലിരുന്ന് ഫേസ് ബുക്കിൽ പോസ്റ്റിടുന്നവർ’ എന്ന് ഞങ്ങളെ ഒരു പ്രമുഖൻ പൊതുവേദിയിൽ വെച്ച് കളിയാക്കിയ ദിവസമായിരുന്നു അതെന്ന് നല്ല ഓർമ്മയുണ്ട്....പ്രമുഖരേ ഞങ്ങൾ ഇവിടെ തന്നെ ഉണ്ട്... ഈ തറയിൽ കാലുറപ്പിച്ചു തന്നെ...’’ എന്ന ക്യാപ്ഷനൊപ്പമാണ് സജിത മഠത്തില്‍ ഡബ്ല്യൂസിസി അംഗങ്ങള്‍ക്കൊപ്പമുള്ള ചിത്രം പങ്കിട്ടിരിക്കുന്നത്.
വിമണ്‍ ഇൻ സിനിമ കളക്ടീവിന്റെ ഭാഗമായതില്‍ ഒരുപാട് പരിഹാസങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും നിലനില്‍പ്പിനായി ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് കരുതി കണ്ണടക്കുന്ന പ്രബുദ്ധ സിനിമാ പ്രവർത്തകർ ചുറ്റുമുണ്ടെന്നും സജിത മഠത്തില്‍ മുന്‍പ് ഫെയ്സ്ബുക്കിലൂടെ കുറിച്ചിരുന്നു.






