
മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ ഏതൊരു ചിത്രവും വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. അതുകൊണ്ടു തന്നെ ഏറെ പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടിയ സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാല്‍ ചിത്രമായ L 360’ യെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്. മോഹൻലാലിന്റെ കരിയറിലെ 360-ാമത് ചിത്രം കൂടിയാണെന്നുള്ളതും ഈ ചിത്രത്തെ പ്രേക്ഷകര്‍ കാത്തിരിക്കാനുള്ള കാരണമാണ്. റാന്നിക്കാരനായ ടാക്സി ഡ്രൈവർ ഷണ്മുഖമായാണ് മോഹൻലാല്‍ ചിത്രത്തിലെത്തുന്നത്. സൂപ്പർ സ്റ്റാർ എന്നതിലുപരി കുറേ നാളുകള്‍ക്ക് ശേഷം മോഹൻലാല്‍ എന്ന നടനെ തരുണ്‍ മൂര്‍ത്തി ചിത്രത്തിലൂടെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഇപ്പോഴിതാ ഈ സിനിമയുടെ സഹ സംവിധായകനും നടനുമായ ബിനു പപ്പു ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ഏറെ നാളായി പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച ലാലേട്ടനെ ഈ ചിത്രത്തിലൂടെ കാണാമെന്നും സിനിമയുടെ ചിത്രീകരണം അവസാനിക്കാനായെന്നും, 25 ദിവസം കൂടിയേ ഇനി ഷൂട്ടിംഗ് ബാക്കിയൊളളൂവെന്നും ബിനു പപ്പു പറയുന്നു.
‘‘ഇനി ഒരു ഷെഡ്യൂള്‍ കൂടെയുണ്ട്. പത്തോ പതിനെട്ടോ ദിവസം മാത്രമേ അത് ഷൂട്ട് ചെയ്യാന്‍ ഉണ്ടാകുകയുള്ളൂ. അത് പെന്ഡിങ്ങായതാണ്. പിന്നെ എഡിറ്റ് വര്‍ക്ക് നടക്കുന്നുണ്ട്. ഡബ്ബിങ് തുടങ്ങാനിരിക്കുകയാണ്. ഇത് ഓള്‍റെഡി ലൂപ്പില്‍ ഉണ്ടായ കഥയാണ്. അതിനകത്ത് തരുണ്‍ കുറച്ച് പണിയെടുത്തിട്ടുണ്ട്. പിന്നെ പ്രൊജക്റ്റ് പെട്ടെന്ന് ഓപ്പണായി. അടുത്ത വര്‍ഷമാകും ഷൂട്ട് തുടങ്ങുക എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. തരുണ്‍ പെട്ടെന്ന് ഒരു ദിവസം രാവിലെ എന്നെ വിളിച്ചു. ഏപ്രില്‍ 22ന് ഷൂട്ടിങ് തുടങ്ങുമെന്ന് പറഞ്ഞു. നിനക്ക് എന്നാല്‍ പിന്നെ 21-ാം തീയതി വിളിച്ചാല്‍ പോരായിരുന്നോ എന്നാണ് ഞാന്‍ ചോദിച്ചത്.
രണ്ടാഴ്ച മുമ്പാണ് എന്നെ വിളിക്കുന്നത്. വളരെ പെട്ടെന്നാണ് ഈ സിനിമയുടെ ഷൂട്ടിങ്ങൊക്കെ തുടങ്ങുന്നത്. നല്ലൊരു സിനിമയാകും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സിനിമയിലൂടെ കുറച്ച് കാലമായി നമ്മള് ആഗ്രഹിച്ച ലാലേട്ടനെ കാണാന്‍ സാധിക്കും. വിന്റേജ് മോഹന്‍ലാലിനെയല്ല. പകരം മോഹന്‍ലാലിന്റെ നല്ലൊരു കഥാപാത്രത്തെ നമുക്ക് കാണാന്‍ പറ്റും. ഒരു തരത്തിലും ഈ സിനിമ നമ്മളെ മടുപ്പിക്കില്ല. അത്രയും നല്ല രീതിയിലാണ് നമ്മള് ഈ സിനിമയില്‍ വര്‍ക്ക് ചെയ്യുന്നത്. ലാലേട്ടന്റെ നല്ലൊരു സിനിമ കൊണ്ടുവരണം എന്നുള്ള ആഗ്രഹുമുണ്ട്. എല്ലാവരും അങ്ങനെ തന്നെയാണ് അദ്ദേഹത്തിന് വേണ്ടിയുള്ള സിനിമ ചെയ്യുന്നത്.
പക്ഷെ എവിടെയോ പാളിപോകുന്നതാണ്. പക്ഷെ നമ്മള് പാളിപോകാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളുമെടുക്കുന്നുണ്ട്. നല്ലൊരു സിനിമ തന്നെയാകും ഇത്. ബാക്കി ഞാന്‍ കൊന്നാലും പറയില്ല. എനിക്ക് തിരിച്ച് അങ്ങോട്ട് തന്നെ പോകണ്ടേ. ഇനിയും ഒരു പത്ത് - ഇരുപത്തിയഞ്ച് ദിവസത്തെ ഷൂട്ട് ബാക്കി കിടപ്പുണ്ട്...’’ എന്നാണ് ബിനു പപ്പു പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്.
മലയാളത്തിന്റെ പ്രിയപ്പെട്ട താര ജോഡികളായ മോഹൻലാല്‍- ശോഭന കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിന് സ്വന്തമാണ്. 2009 ല്‍ എത്തിയ ‘സാഗർ ഏലിയാസ് ജാക്കി’യില്‍ ആയിരുന്നു ഒടുവില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.
രജപുത്ര വിഷ്വല്‍സ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് എം രഞ്ജിത്ത് ആണ്. പ്രശസ്ത ഫോട്ടോഗ്രാഫർ കെ. ആർ സുനിലും തരുണ്‍ മൂർത്തിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.






