
നവഗ്രഹങ്ങള്‍ മനുഷ്യരെപ്പോലെ തന്നെ സഞ്ചാരപ്രിയരാണ്. അവര്‍ ഒരു സ്ഥലത്ത് സ്ഥിരമായി നില്‍ക്കുന്നില്ല. ഈ സഞ്ചാര താല്പര്യമാണ് നമ്മുടെ ജീവിതത്തിലും മാറ്റങ്ങള്‍ സംഭവിക്കുവാന്‍ കാരണം. താഴ്ചയും വീഴ്ചയും ഉന്നതിയും അഭ്യുന്നതിയും അങ്ങനെ എന്തായാലും.
നാം അവസാനം പോയി ചേരണ്ട സ്ഥലത്തെ നോക്കി നാം നിത്യേന മുന്നോട്ടു സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ശരീരം മാത്രമല്ല, ആത്മാവും അങ്ങനെ തന്നെ. എല്ലാവര്‍ക്കും വിധിയാംവണ്ണം കാലചക്രത്തെ നീന്തിക്കടക്കേണ്ടതുണ്ട്. ആ പാത, കല്ലും മുള്ളും ഇല്ലാത്തതായിരുന്നാല്‍ അവര്‍ ഭാഗ്യവാന്മാര്‍. ഈ പ്രയാണം തന്നെയാണ് മനുഷ്യജന്മം അഥവാ ജീവിതയാത്ര.
ഈ യാത്രയ്ക്ക് ഒരിക്കലും തടസ്സം സംഭവിക്കുന്നില്ല. കാരണം മേലെയിരുന്ന് എല്ലാം നിയന്ത്രിക്കുന്നത് മഹാശക്തിയാണ്. ആജ്ഞാപിക്കുന്നത് ദൈവമാണ്.
അതുപോലെതന്നെ മനുഷ്യ ജീവിതത്തില്‍ മനുഷ്യന്റെ ഓരോ ചലനത്തേയും നിയന്ത്രിക്കുവാന്‍ ഇവിടെ നവഗ്രഹങ്ങളുണ്ട്-ദൈവദൂതന്മാര്‍. അവര്‍ ഓരോരുത്തരും ഏതെങ്കിലും ഒരു രാശിയില്‍ ഇരുന്നുകൊണ്ട് ആ രാശിയില്‍ ഓരോ ഡിഗ്രിയായി മന്ദം, മന്ദം ചലിച്ചുകൊണ്ട് അടുത്ത രാശിയിലേക്ക് പ്രവേശിക്കുന്നു.
നാം ജനിക്കുമ്പോള്‍ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയാണ് ജ്യോതിഷശാസ്ത്രപ്രകാരം ജന്മരാശി. ഈ ജന്മരാശിയുടെ അടിസ്ഥാനത്തിലാണ് പിന്നീട് നമ്മുടെ ഗ്രഹനിലയെ പണ്ഡിതന്മാര്‍ ഗണിച്ചറിയുന്നത്.
ഒരേ ഒരു ഉദാഹരണം: വ്യാഴം, ഒരു വ്യക്തിയുടെ- പതിനൊന്നില്‍ സഞ്ചരിക്കുന്നു എന്നിരിക്കട്ടെ. ആ പതിനൊന്ന് അയാള്‍ക്ക് ഉച്ചസ്ഥാനവും ആയിരിക്കാം. ഇതര ഗ്രഹങ്ങളുടെ സഞ്ചാരത്താല്‍ മറ്റു ദോഷങ്ങളും ഇല്ല. ജന്മനക്ഷത്രത്തില്‍നിന്ന് എണ്ണിനോക്കിയാല്‍ ശുഭനക്ഷത്രത്തിലാണ് സഞ്ചാരവും. ഇങ്ങനെ പലനിലകളിലും അനുകൂലനില കണ്ടാല്‍ അതൊരു അസുലഭ ശുഭ മുഹൂര്‍ത്തം തന്നെയാണ്.
ഇതിന് ഒരു മറുവശം ഉണ്ട് എന്ന് ഒരിക്കലും മറക്കരുത്. അതാണ് അവരവരുടെ സ്വന്തം ജാതകത്തിലെ പൊതുവായി പറയപ്പെടുന്ന യോഗഫലം.
ഈ യോഗഫലങ്ങള്‍ അധികമായി യോഗകാരകന്റെ ദശ, ഭൂക്തി, അന്തരം മുതലായവ നല്ലനിലയിലായാല്‍ തീര്‍ച്ചയായും ഗോചാരഫലങ്ങളും ഒന്നുചേര്‍ന്ന് അവര്‍ അത്യുന്നതങ്ങളില്‍ വിരാജിക്കും.
ദശാനാഥനും, ഭൂക്തിനാഥനും ഫലം തരുന്ന വേളയില്‍ ഗോചാരപ്രകാരം 6-ലോ, 8-ലോ നിന്നാല്‍ സദ്ഫലങ്ങള്‍ കുറയുവാനും കാരണമാകും. അതിനാല്‍ 11-ല്‍ വ്യാഴം ഉണ്ടല്ലോ എന്ന വിശ്വാസത്തില്‍ എല്ലാ നന്മകളേയും പ്രതീക്ഷിക്കുകയും അരുത്.
പലവിധമായ സഹനിലകളേയും അടിസ്ഥാന തത്വങ്ങളേയും സര്‍വ്വോപരി ജാതകത്തേയും വളരെ കൃത്യമായി ഗണിച്ചതിനുശേഷം ഫലനിര്‍ണ്ണയം ചെയ്യണം.
ടി.ജെ. നായര്‍, മഞ്ചേരി






