
പാര്ശ്വവത്കരിക്കപ്പെടുന്ന സ്ത്രീയുടെ ചെറുത്തു നില്പ്പും തനത് വ്യക്തിത്വം ഉയര്ത്തിപ്പിടിച്ച് നില്ക്കാനുളള വ്യഗ്രതയും സാക്ഷാത്കരിക്കുന്ന കൃതിയാണ് സജില്ശ്രീധറിന്റെ ഏറ്റവും പുതിയ നോവലായ ശാന്ത. ലോകചരിത്രം പരിശോധിച്ചാല് ഏറ്റവും മികച്ച ഭരണാധികാരികളൊക്കെ തന്നെ സ്ത്രീകളാണ്. എന്നാല് സ്ത്രീയെക്കുറിച്ചുളള അടിസ്ഥാനപരമായ കാഴ്ചപ്പാടില് ഇന്നും കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല. ഈ വൈരുദ്ധ്യമാണ് ശാന്തയിലൂടെ ആവിഷ്കരിക്കാന് ശ്രമിക്കുന്നത്.
പരിഗണിക്കപ്പെടാതെ പോകുന്ന സ്ത്രീയുടെ ഹൃദയവ്യഥകള് സാര്വജനീനമായ ജീവിതാവസ്ഥയാണ്. അതിപ്രശസ്തയായ ഒരു സ്ത്രീ നടുറോഡില് പീഡിപ്പിക്കപ്പെട്ടിട്ടും അവര്ക്ക് പല തലങ്ങളില് നീതിനിഷേധിക്കപ്പെടുന്നതിനും നാം അനുദിനം സാക്ഷിയാണ്. നിയമസംവിധാനത്തില് നിന്നു പോലും തനിക്ക് വേണ്ടത്ര കരുതല് ലഭിക്കുന്നില്ലെന്ന് അവര് പരാതിപ്പെടുന്നു. വര്ഷങ്ങളായി പലരാല് അവര് ക്രൂശിക്കപ്പെടുന്നു. അത് ഒരു ഭാഗം മാത്രം.
ഇന്ന് സമൂഹത്തിന്റെ പല തലങ്ങളില് സ്ത്രീകള് പുരുഷന്മാരേക്കാള് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. എന്നിട്ടും സ്ത്രീയെ സമഭാവനയോടെ കാണാനും അംഗീകരിക്കാനും പൊതുസമൂഹത്തിന് കഴിയുന്നില്ല. എന്തൊക്കെ പറഞ്ഞാലും അവളൊരു പെണ്ണല്ലേ? എന്ന മനോഭാവമാണ് ചിലര്ക്ക്. സ്ത്രീ ഒരു രണ്ടാം തരം പൗരനാണെന്ന മട്ടിലാണ് ഇക്കൂട്ടരുടെ പെരുമാറ്റം. ഈ കാഴ്ചപ്പാടിന് നേര്ക്കുളള പ്രതികരണവും പ്രതിരോധവും അതിജീവനവുമാണ് ശാന്തയുടെ കഥയിലൂടെ പറയാന് ശ്രമിക്കുന്നത്.
രാമായണത്തിലെ യഥാര്ത്ഥ ദുഖപുത്രി വാസ്തവത്തില് ശാന്തയാണ്. നിരാകരണം, അവഗണന, തിരസ്കാരം...അത് മരണത്തേക്കാള് ഭീതിദമാണ് ഏത് വ്യക്തിയെ സംബന്ധിച്ചും. ശാന്ത ഇതെല്ലാം അനുഭവിക്കേണ്ടി വരുന്നത് പെണ്ണായി പിറന്നു എന്ന ഏകകാരണത്താലാണ്. രാജ്യാധികാരം കയ്യാളാന് സ്ത്രീ അപ്രാപ്തയാണെന്ന് ദശരഥന് വിചാരിക്കുന്നു. സ്വന്തം ചോരയില് പിറന്ന മകളെ അദ്ദേഹം നിഷ്കരുണം കയ്യൊഴിഞ്ഞ് ലോമപാദന് ദത്ത് നല്കുന്നു. ലോമപാദനും പെണ്ണിനെ ഭരണതലത്തില് ചിന്തിക്കാന് കൂടി കഴിയുന്നില്ല. വിവാഹം കഴിക്കാനും പ്രസവിക്കാനും കുട്ടികളെ വളര്ത്താനും ഭര്ത്താവിനെ ശുശ്രൂഷിക്കാനും മാത്രമുളളതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടില് പെണ്ണ്. എന്നാല് ശാന്ത അങ്ങനെ വിശ്വസിക്കുന്ന ആളല്ല.അവള്ക്ക് പുരുഷനേക്കാള് പ്രാപ്തിയും ആത്മവിശ്വാസവുമുണ്ട്. എന്നാല് അവളുടെ ബോധ്യങ്ങളെ അര്ഹിക്കുന്ന തലത്തില് അംഗീകരിക്കാന് പ്രിയപ്പെട്ടവര്ക്ക് പോലും കഴിയുന്നില്ല.
അവളുടെ കലഹത്തിന്റെയും പ്രതിഷേധത്തിന്റെയും സ്ത്രീക്ക് തുല്യത ലഭിക്കുന്ന മറ്റൊരാകാശം തേടിയുളള യാത്രയുടെയും കഥയാണ് ശാന്ത.
ഒരൂ പരിധിവരെ ശാന്തയെ ആദിമകാല ഫെമിനിസ്റ്റ് എന്ന് പോലും വിശേഷിപ്പിക്കാം. എന്നാല് അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയുടെ പ്രത്യേകത കൊണ്ട് ഇന്നത്തെ പോലെ പരസ്യപ്രതിഷേധം അനുവദനീയമായിരുന്നില്ല. മാത്രമല്ല ഒരു രാജകുടുംബാംഗത്തിന് പരസ്യപ്രതികരണവുമായി ഇറങ്ങിത്തിരിക്കാനും കഴിയുമായിരുന്നില്ല.
ഇന്ന് നാം കാണുന്ന തരം ഫെമിനിസ്റ്റായിരുന്നില്ല ശാന്ത. ആ കാലത്തിന്റെ കര്ശനമായ സാമൂഹ്യസാഹചര്യങ്ങളില് നിന്ന് മാത്രമേ അവള്ക്ക് തന്റെ പ്രതിഷേധം പ്രകടിപ്പിക്കാന് കഴിയുമായിരുന്നുളളു. അത് അവള് വളരെ ശക്തമായി തന്നെ നിര്വഹിക്കുന്നുമുണ്ട്. തന്നെ നിരാകരിച്ചവരെ പിന്നീട് ഒരിക്കലും മുഖാമുഖം കാണാന് പോലും അവള് കൂട്ടാക്കുന്നില്ല. പുരുഷന്റെ പാദപൂജ ചെയ്ത് ഒതുങ്ങിക്കഴിയാനും സന്നദ്ധയാവുന്നില്ല. അതുകൊണ്ട് തന്നെ ശാന്തയെ ഒരു ആദിമകാല ഫെമിനിസ്റ്റ് എന്ന് വിശേഷിപ്പിക്കുന്നതിലും തെറ്റില്ല.
സ്ത്രീശാക്തീകരണവും സ്ത്രീപക്ഷവാദവുമെല്ലാം ഇന്ന് കൂട്ടായ്മയുടെയും സംഘടിതശക്തിയുടെയും ഉപോത്പന്നങ്ങളാണ്. എന്നാല് ശാന്ത തനിച്ചു നിന്ന് പോരാടിയവളാണ്. ശരിക്കും ഒരു ഒറ്റയാള്പട്ടാളം. ഒറ്റപ്പെട്ട പെണ്ണിന് കരുത്തേറുമെന്നാണ് ശാന്തയുടെ അനുഭവം നമ്മെ ബോധ്യപ്പെടുത്തുന്നത്.
ദശരഥനും കൗസല്യയും ലോമപാദനും വര്ഷിണിയും അടക്കമുളള ഇതിഹാസ കഥാപാത്രങ്ങള് ഈ നോവലില് പ്രതിസ്ഥാനത്താണ് എന്ന് തോന്നാം. എന്നാല് പുനര്വായനയില് അവരുടെ പക്ഷത്തും ശരികളുണ്ട് എന്നതാണ് വാസ്തവം.അന്നത്തെ സാമൂഹ്യസാഹചര്യങ്ങളില് ഒരു സ്ത്രീയെ സിംഹാസനത്തില് അവരോധിക്കുന്നതിന് പരിമിതികളുണ്ട്. കൂടാതെ അനപത്യദുഖം അനുഭവിക്കുന്ന ആത്മസുഹൃത്ത് ലോമപാദനെ സഹായിക്കാനുളള മനസ് ഒരു വശത്ത്. അദ്ദേഹത്തിന്റെ ഭാര്യ വര്ഷിണി കൗസല്യയുടെ സഹോദരി കൂടിയാണ്. ആ തലത്തില് വിലയിരുത്തുമ്പോള് ദത്ത് നല്കിയത് തെറ്റെന്ന് പറയാനാവില്ല. എന്നാല് ശാന്തയുടെ വീക്ഷണകോണില് മാതാപിതാക്കള് ചെയ്തത് അക്ഷന്തവ്യമായ തെറ്റാണ്. ഒരേ അവസ്ഥ തന്നെ പലരുടെ പെര്സ്പക്ടീവില് പലതായി പരിണമിക്കുന്നു എന്നേ കാണേണ്ടതുളളു. നോവല് ആരെയും പ്രതിസ്ഥാനത്ത് നിര്ത്തുന്നില്ല. എല്ലാവരിലും ശരികളുണ്ട്. എല്ലാവരിലും തെറ്റുകളുണ്ട്.
ഭര്ത്തൃശുശ്രൂഷയ്ക്കായി ജീവിതം ഹോമിക്കാന് തയ്യാറാവാത്ത ശാന്ത ഗുരുജനങ്ങളുടെ കണ്ണില് നിഷേധിയാവാം. എന്നാല് ശാന്തയുടെ ഭാഗത്തു നിന്ന് നോക്കുമ്പോള് അവള് ചെയ്തതില് തെറ്റ് കാണാനാവില്ല. പുരാണ കഥകളെ അവലംബാക്കി രചിക്കപ്പെടുന്ന നോവലുകളില് പലപ്പോഴും
ഭാഷ ഒരു ബാധ്യതയാവാറുണ്ട്. പൗരാണിക കാലത്തിന്റെ മൂഡ് നിലനിര്ത്തുന്ന പദാവലികളും ബിംബകല്പ്പനകളും അനിവാര്യമായി വരും. രണ്ടാമൂഴവും ഇനി ഞാനുറങ്ങട്ടെയും യയാതിയും കര്ണ്ണനും എല്ലാം ആ തലത്തില് ഭാഷയെ പുതുക്കിപ്പണിത് പ്രമേയത്തിന് അനുസൃതമായ തലത്തില് വിന്ന്യസിച്ചിട്ടുണ്ട്.
ബുദ്ധമതയെ അവലംബമാക്കി രചിക്കപ്പെട്ട സജില്ശ്രീധറിന്റെ തന്നെ വാസവദത്തയിലും ആ കാലത്തെ അടയാളപ്പെടുത്തുന്ന തരം ഭാഷയാണ് ഉപയോഗിച്ചിട്ടുളളത്. ശാന്തയിലും സവിശേഷമായ ഒരു ഭാഷയുടെ സാന്നിദ്ധ്യം നമുക്ക് അനുഭവിക്കാന് കഴിയും. ക്രാഫ്റ്റിലെ കയ്യടക്കം അനുപമമാണ്. കാച്ചിക്കുറുക്കിയുളള എഴുത്താണ് മറ്റൊരു ആകര്ഷക ഘടകമായി അനുഭവപ്പെട്ടത്. വാക്കുകളും വരികളും വളരെ അവധാനതയോടെ ഉപയോഗിച്ചിരിക്കുന്നതായി തോന്നും. അനാവശ്യമായ ഒരു പദം പോലുമില്ലാത്ത വിധം അതിസൂക്ഷ്മമായ വിന്ന്യാസം. ബഷീര് കൃതികളില് നാം പരിചയിച്ച ഈ സമീപനമാണ് ശാന്തയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നായി അനുഭവപ്പെട്ടത്. അതിലുപരി നോവലിന്റെ ഭാവസാന്ദ്രതയും എടുത്തു പറയേണ്ടതുണ്ട്.
ഏതൊരു കലാസൃഷ്ടിയും അനുഭവതലസ്പര്ശിയായിരിക്കണം എന്ന് പറയാറുണ്ട്. നോവലിനെ സംബന്ധിച്ച് അത് മുന്നോട്ട് വയ്ക്കുന്ന ആശയവും ദര്ശനവും എത്ര തന്നെ മഹത്തരമായാലും അതിനപ്പുറം നോവല് നല്കുന്ന വൈകാരികാനുഭവം ഏറെ പ്രധാനപ്പെട്ടതാണ്. ശാന്ത വൈകാരികമായി നമ്മെ സ്പര്ശിക്കുന്ന ഭാവാത്മകമായ കൃതിയാണ്. മികച്ച പാരായണക്ഷമതയും നോവലിനൊപ്പം സഞ്ചരിക്കാന് വായനക്കാരനെ പ്രേരിപ്പിക്കുന്നു.
ശാന്തയുടെ അവസ്ഥാ പരിണതികള് വായനക്കാരന്റെ അനുഭവമണ്ഡലത്തെ ഏറെ ആഴത്തില് സ്പര്ശിക്കും വിധമാണ് ആഖ്യാനം.
പുതുകാലവ്യഥകളും സ്പന്ദനങ്ങളും പൗരാണിക കഥയിലുടെ ആവിഷ്കരിക്കപ്പെടുന്നു എന്നതാണ് ശാന്തയുടെ ഏറ്റവും വലിയ മേന്മയായി തോന്നിയത്. ഒരേ സമയം പഴയ കഥയായും പുതിയ കഥയായും വായിക്കാന് സാധിക്കും. പല കാലങ്ങളെ ഒരു പോലെ അഭിസംബോധന ചെയ്യാന് കഴിയുന്ന ശാന്ത ഒരു പക്ഷെ വരും കാലങ്ങളിലും ഏറെ വായിക്കപ്പെട്ടേക്കാം.
പ്രമുഖ എഴുത്തുകാരി കെ.രേഖ ശാന്തയെ ഇങ്ങനെ വിലയിരുത്തുന്നു. ''കാലം ആവശ്യപ്പെടുന്ന നീതിബോധത്തോടെ ഇതിഹാസത്തെ തൊടുന്ന സ്ത്രീപക്ഷ നോവല്. രാജാധികാരത്തിന്റെയും ആണധികാരശ്രേണിയുടെയും നിബന്ധനകളാല് പുറന്തളളപ്പെട്ട ശാന്തയുടെ കഥ ആര്ദ്രമായും ശക്തമായും ആവിഷ്കരിക്കപ്പെടുന്നു. ഏറ്റവും പുതിയ കാലത്തെ മനുഷ്യകഥയായും വായിച്ചു പോകാവുന്ന നോവലാണിത്. എവിടെ സ്ത്രീ പൂജിക്കപ്പെടുന്നുവോ അവിടെ ദേവതകള് വസിക്കുന്നു എന്ന ദര്ശനം ശാന്തയുടെ ജീവിതം കൊണ്ട് തന്നെ ചോദ്യം ചെയ്യപ്പെടുന്നു''
രാമായണത്തിലെ അപുര്ണ ബിന്ദുക്കളില് നിന്ന് ശാന്തയുടെ ജീവിതത്തെ സൂക്ഷ്മമായി കണ്ടെടുത്ത് പൂരിപ്പിക്കുന്ന കൃതിയാണിതെന്ന്
പുതുകാലത്തിന്റെ കഥാകാരനായ ജി.ആര്.ഇന്ദുഗോപന് പറയുന്നു. ഖണ്ഡശ്ശ പ്രസിദ്ധീകരിക്കപ്പെട്ട സന്ദര്ഭത്തില് വായനക്കാരില് നിന്നും ഏറെ പ്രശംസ പിടിച്ചു പറ്റിയ ശാന്ത പുസ്തക രൂപത്തിലെത്തിക്കുന്നത് മാതൃഭൂമി ബുക്സാണ്.
ശാന്ത
(നോവല്)
സജില് ശ്രീധര്
മാതൃഭൂമി ബുക്സ്
വില 190







Comments