ഭഗവാന് ശ്രീപരമേശ്വരനാല്‍ ജ്യോതിഷ പ്രവചനത്തിന് ശാപമേറ്റതായി പറയപ്പെടുന്നു. കഥ ഇങ്ങനെ: മാതാപിതാക്കന്മാര്‍ സുബ്രഹ്മണ്യന് ജ്ഞാനപ്പഴം എന്ന ഓമനപ്പേര് നല്‍കി. ഭക്തജനങ്ങളും സിദ്ധന്മാരും മഹത്തുക്കളും ശ്രീഷണ്‍മുഖനെ ജ്ഞാനപണ്ഡിതനെന്ന് വാഴ്ത്തുന്നു. സര്‍വ്വശാസ്ത്ര വിദ്വാനായ ഷണ്‍മുഖന് ജ്യോതിഷത്തില്‍ അപാരപാണ്ഡിത്യമുണ്ടായിരുന്നു.
ഒരിക്കല്‍ ഭാവിഫലം പ്രവചിച്ചപ്പോള്‍ പിതാവായ മഹാദേവന് ഭിക്ഷാടനത്തിന് യോഗമുണ്ടെന്ന് പറഞ്ഞുപോലും. സര്‍വ്വ ചരാചരത്തിന്റേയും നാഥനും ലോകപിതാവുമായ ശ്രീ കൈലാസനാഥന് ഭിക്ഷയാചിക്കേണ്ടി വരികയെന്നത് സംഭവ്യമല്ലല്ലോ. എന്നാല്‍ പുത്രവചനം തള്ളിക്കളയാനും പാടില്ല.
ഏഴരശ്ശനിക്കാലത്ത് ഭഗവാന് ഭിക്ഷാടനം വേണ്ടിവരുമെന്നായിരുന്നു പ്രവചനം. തന്നെയുമല്ല; ഒളിച്ചിരിക്കേണ്ടതായ യോഗവും ഉണ്ടെന്ന് പറഞ്ഞിരുന്നു. പ്രവചനം സത്യമായി. പണ്ട് ബ്രഹ്മദേവന്റെ ഒരു ശിരസ്സ് മഹാദേവന്‍ നുള്ളിയെടുത്തിരുന്നു. ആ തലയോട്ടി കൈയില്‍ വഹിച്ചുകൊണ്ട് സാക്ഷാല്‍ അന്നപൂര്‍ണ്ണേശ്വരിയില്‍നിന്ന് ഭിക്ഷ സ്വീകരിക്കേണ്ടിവന്നു. ഒളിജീവിതവും സത്യമായി. ശ്രീ കൈലാസ നാഥന്‍ ഭൂമിയില്‍ വന്ന് ഒരു തവളയുടെ രൂപം ധരിച്ച് ഒരു ഗൃഹസ്ഥന്റെ ഓവുചാലില്‍ ഒളിച്ചിരുന്നു. വര്‍ഷക്കാലത്ത് ഓവിലെ ജലം ഒഴുകിപ്പോകാനാകാത്തവിധം എന്തോ ഓവിനകത്ത് തടഞ്ഞിരുന്നതിനാല്‍ ഓവ്, കവിഞ്ഞ് മലിനജലം പുറത്തേക്കൊഴുകി.
ഗൃഹസ്ഥന്‍ വലിയ ഒരു തോട്ടി കൈയിലെടുത്ത് തടസ്സം മാറ്റാന്‍ ഓവിനകത്ത് പല പ്രാവശ്യം കുത്തി. അതെല്ലാം തവളയ്ക്കാണ് ഏറ്റത്. ഏഴരശ്ശനിയില്‍നിന്നും മോചിതനാകാന്‍ ഭഗവാന്‍ തവളയുടെ രൂപത്തില്‍ ഏഴരവര്‍ഷം ഓവിനകത്ത് കഴിഞ്ഞുവെന്നാണ് കഥ. ഓവിനകത്ത് ഒളിച്ചിരുന്നിട്ടും ശനിയുടെ പീഡകള്‍ ഭഗവാന് സഹിക്കേണ്ടിവന്നു. അന്നേരം ഭഗവാന്‍ ജ്യോതിഷത്തെ ശപിച്ചു. ചിലത് ഫലിക്കട്ടെ ചിലത് ഫലിക്കാതെ പോകട്ടെയെന്ന്. പ്രവചനത്തില്‍ ചിലപ്പോള്‍ പിഴവ് സംഭവിക്കുക സ്വാഭാവികമാണല്ലോ. അതിന് കാരണം ശിവശാപമാണ്.
പി. വിജയപ്പന്‍ നായര്‍






