
വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട രസകരമായ ഒട്ടനവധവി വീഡിയോകളും വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നമ്മുക്കറിയാം ഇന്ത്യയിലെ വിവാഹ ചടങ്ങുകളില്‍ പ്രധാനമാണ് മധുരംവെപ്പ്. വിവാഹ ശേഷം വരനും വധുവിനും മധുരം നല്കുന്ന ചടങ്ങാണിത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പഴമാണ് നല്കുന്നതെങ്കില് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗുലാബ് ജാമാകും നല്‍കുക. ഇത്തരത്തില്‍ വിവാഹ വേദിയില്‍ വച്ച് വരന് ബന്ധുക്കള്‍ മധുരം നല്കിയപ്പോള് നാണിച്ച് തല താഴ്ത്തിയ വരന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ ചിരിയുണര്‍ത്തി. ചിരിയുണര്‍ത്താന്‍ കാരണം വരന്റെ നാണത്തേക്കാള്‍ തൊട്ടടുത്ത നിമിഷം അയാള്‍ നടത്തിയ അപ്രതീക്ഷിത നീക്കം തന്നെയായിരുന്നു.
@antique.karma എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ വിവാഹ വേദിയില്‍ വച്ച് ബന്ധുവായ ഒരു യുവതി സ്പൂണില്‍ വരന് നേരെ ഗുലാബ് ജാം നീട്ടുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. യുവതി വരന്റെ മുന്നില്‍ ഏറെ നേരം സ്പൂണുമായി നില്‍ക്കുന്നുണ്ടെങ്കിലും വരന് തലയുയര്‍ത്താനോ ഗുലാബ് ജാം കഴിക്കാനോ തയ്യാറാകുന്നില്ല. ഇതിനിടെ ചുറ്റും കൂടി നിന്നവരെല്ലാം ആകാംഷയോടെ വരനെ നോക്കി നില്ക്കുന്നു. പെട്ടെന്ന് ഒരു നിമിഷാര്‍ദ്ധത്തില്‍ എന്നോ കണ്ണ് ചിമ്മി തുറക്കുന്നതിന് മുന്നേ എന്നോ പറയാവുന്നത്ര വേഗത്തില്‍ വരന് സ്പീണിലിരുന്ന ഗുലാബ് ജാം അകത്താക്കുന്നു. വരന്റെ അപ്രതീക്ഷിത നീക്കത്തിന് പിന്നാലെ ചുറ്റും കൂടി നിന്നവരെല്ലാം സന്തോഷത്തോടെ കൈ അടിക്കുന്നതും വീഡിയോയില്‍ കാണാം.
'ദൂരം X വേഗം' എന്ന കുറിപ്പോടെ പങ്കുവയ്ക്കപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇതിനകം 78 ലക്ഷം പേരാണ് വീഡിയോ കണ്ടത്. ഏതാണ്ട് അഞ്ചര ലക്ഷത്തിനടുത്ത് ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തു. നിരവധി പേര് വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തി. ഒരു കാഴ്ചക്കാരനെഴുതിയത് 'ബ്രോ തലയുടെ (ധോണിയുടെ) സ്റ്റംമ്പിംഗിനേക്കാള്‍ വേഗതയുള്ള ആളാണ്' എന്നായിരുന്നു. 'ബ്രോ എന്റെ ഇന്റര്‍നെറ്റിനേക്കാള്‍ വേഗതയുള്ള ആളാണ്' എന്നായിരുന്നു മറ്റൊരു കുറിപ്പ്. 'അവന് ഇങ്ങനെ കുതിക്കാന്‍ വേണ്ടി കാത്ത് നില്‍ക്കുകയാണെന്ന് എനിക്കറിയാമായിരുന്നു.' എന്ന് മറ്റൊരു കാഴ്ചക്കാരന് കുറിച്ചു.






