
ന്യൂസിലന്‍ഡിലെ തദ്ദേശീയവംശം എന്നറിയപ്പെടുന്ന ഗോത്രവിഭാഗമായ മവോറി രാജവംശത്തിലെ എട്ടാമത്തെ ഭരണാധികാരിയായി എന്‍ഗ വോയി ഐ ടെ പോയെ തെരഞ്ഞെടുത്തു. 27 കാരിയായ എന്ഗവോയിയെ പിതാവ് കിംഗി ടുഹാട്ടിയ പൊട്ടറ്റൗ ടെ വെറോഹീറോ ഏഴാമന്റെ മരണത്തെ തുടര്‍ന്നാണ് രാജ്ഞിയായി അഭിഷേകം ചെയ്തത്. തദ്ദേശീയരായ മാവോറി മേധാവികളുടെ ഒരു കൗണ്‍സില്‍ നോര്‍ത്ത് ഐലന്‍ഡില്‍ നടന്ന ഒരു ഔപചാരിക ചടങ്ങിലാണ് എന്‍ഗ വായെ തിരഞ്ഞെടുത്തത്.
കിങ്ങിടംഗ ഗോത്രവംശത്തില്‍ ഭരണാധികാരിയായി തെരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ മാത്രം വനിതയാണ് എന്ഗവോയി. മുമ്പ് ഇവരുടെ മുത്തശ്ശി ടേ അരികിനുയി ഡാം ടേ അടൈറാംഗികാഹുവാണ് മുമ്പ് ആദ്യം രാജ്ഞിയായിട്ടുള്ളയാള്. രാജാവ് കിംഗി ടുഹാടിയയുടെ ഏറ്റവും ഇളയ മകളാണ് എന്‍ഗാ. 69 ാം വയസ്സില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് കിംഗി ടുഹാടിയ മരണമടഞ്ഞത്.
'കിന്ഗി തുഹെയ്റ്റിയയുടെ 'താംഗിഹാംഗ' എന്നറിയപ്പെടുന്ന ശവസംസ്കാരത്തിന് പിന്നാലെ ആയിരക്കണക്കിന് ആളുകള്‍ക്ക് മുന്നില്‍, 'ടെ വാകവാഹിംഗ' എന്നറിയപ്പെടുന്ന ചടങ്ങിലാണ് പുതിയ രാജാവിന്റെ കിരീടധാരണം നടന്നത്. രാജ്ഞിയെ കിരീടമണിയിക്കുന്നതിനുപകരം, ആര്‍ച്ച് ബിഷപ്പ് ഡോണ്‍ തമിഹെര് അവളുടെ തലയില്‍ 1858 മുതല്‍ ഉപയോഗത്തിലിരുന്ന ഒരു ബൈബിള്‍ സ്ഥാപിക്കുകയും അവള്‍ക്ക് അന്തസ്സും പവിത്രതയും ശക്തിയും ആത്മീയ സത്തയും നല്‍കുന്നതിന് വിശുദ്ധ എണ്ണകള്‍ ഉപയോഗിക്കുകയും ചെയ്തു.
പരമ്പരാഗത ശവസംസ്കാര ചടങ്ങില്‍ അദ്ദേഹത്തോട് വിടപറയാന്‍ ആയിരക്കണക്കിന് ആളുകള്‍ കിംഗ് പ്രസ്ഥാനത്തിന്റെ ആസ്ഥാനമായ തുരംഗവേയിലേക്ക് ഒഴുകിയെത്തി. മകളുടെ അഭിഷേകത്തിനുശേഷമായിരുന്നു രാജാവിന്റെ സംസ്ക്കാരം. പ്രത്യേക വഞ്ചിയില്‍ വൈകാട്ടോ നദിയിലൂടെ മറ്റ് രാജകുടുംബങ്ങളെ അടക്കം ചെയ്തിരിക്കുന്ന ശ്മശാനഭൂമിയായ തൗപിരി പര്‍വതത്തിലേക്ക് കൊണ്ടുപോയി അടക്കം ചെയ്തു.
കോളനിവല്‍ക്കരണത്തിനും അടിമത്തത്തിനും എതിരേ പോരാടുന്നതിനും മാവോറി സംസ്കാരത്തെയും ഭൂമിയെയും നുഴഞ്ഞുകയറ്റക്കാരില്‍ നിന്ന് സംരക്ഷിക്കുന്നതിനുമായി 1858-ല്‍ സ്ഥാപിക്കപ്പെട്ടതാണ് മാവോറി രാജവാഴ്ച. വൈകാറ്റോ യൂണിവേഴ്സിറ്റിയില്‍ നിന്ന് മാവോറി സാംസ്കാരിക പഠനത്തില്‍ ബിരുദാനന്തര ബിരുദം നേടിയയാളാണ് പുതിയ രാജ്ഞി എന്‍ഗാ വായ്, മാവോറി ഭാഷയെ പുനരുജ്ജീവിപ്പിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള ടെ കൊഹാംഗ റിയോ നാഷണല്‍ ട്രസ്റ്റ് ഉള്‍പ്പെടെ നിരവധി ബോര്‍ഡുകളില്‍ അംഗമായിരുന്നു.
ന്യൂസിലാന്റിലെ വംശീയ ബന്ധങ്ങള്‍ വഷളായ സാഹചര്യത്തിലാണ് എന്ഗാവായ് യുടെ കിരീടധാരണം നടന്നത്. ന്യൂസിലന്റ് ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചിട്ടുള്ള മാവോറി ഭാഷയുടെ ഔദ്യോഗിക ഉപയോഗത്തെ പിന്തുണയ്ക്കുന്ന നയങ്ങളോട് മുഖം തിരിക്കുന്ന സര്‍ക്കാരാണ് കഴിഞ്ഞ വര്‍ഷം അധികാരമേറ്റത്. ഗോത്രജനതയെ സംരക്ഷിക്കുന്ന നയങ്ങളും അവരുടെ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും അവകാശങ്ങളും അതിനുള്ള ശ്രമങ്ങളെയും പിന്തുണയ്ക്കുന്ന മുന്‍ ഭരണകൂടത്തിന്റെ നയങ്ങള്‍ പിന്‍വലിക്കാനും തുടങ്ങിയിട്ടുണ്ട്.






