
തൃശൂള് : ഗുരുവായൂർ അമ്പല നട ഇന്ന് 354 വിവാഹങ്ങൾക്ക് സാക്ഷ്യം വഹിക്കും. എണ്ണം 363 വരെ എത്തിയെങ്കിലും 9 വിവാഹ സംഘങ്ങൾ എത്തുകയില്ലെന്ന് ദേവസ്വത്തെ അറിയിച്ചു. ഇതോടെ എണ്ണം 354ആയി. ഗുരുവായൂരിൽ ഇത് ആദ്യമായാണ് ഒരു ദിവസം ഇത്രയും അധികം വിവാഹം നടക്കുന്നത്.
നിലവിലുള്ള 4 കല്യാണ മണ്ഡപങ്ങൾക്കു പുറമേ ക്ഷേത്രത്തിനു മുന്നിൽ തെക്കും വടക്കുമായി 2 താൽക്കാലിക മണ്ഡപങ്ങൾ കൂടി സ്ഥാപിച്ചു. വധൂവരന്മാർക്കും വിവാഹ സംഘത്തിനും ടോക്കൺ എടുത്തതിനു ശേഷം വിശ്രമിക്കുന്നതിനു മേൽപുത്തൂർ ഓഡിറ്റോറിയത്തിനു സമീപം നിർമിച്ച പന്തലിൽ ഇരിപ്പിടങ്ങൾ സജ്ജമാക്കി. ഇവിടെ നിന്ന് ക്രമം അനുസരിച്ച് സുരക്ഷ ഉദ്യോഗസ്ഥർ കല്യാണ മണ്ഡപത്തിൽ എത്തിക്കും.
പുലർച്ചെ 4ന് വിവാഹങ്ങൾ ആരംഭിച്ചു.ഒരു വിവാഹ സംഘത്തിൽ ഫൊട്ടോഗ്രഫർ അടക്കം 24 പേർക്കാണ് പ്രവേശനം.






