
ചേര്‍ത്തല: പള്ളിപ്പുറത്ത് നവജാത ശിശുവിനെ ശ്വാസം മുട്ടിച്ചു കൊലപെടുത്തി കുഴിച്ചു മൂടിയ സംഭവത്തില്‍ പ്രതികളായ അമ്മയെയും കാമുകനെയും ചേര്‍ത്തല പോലീസ് കസ്റ്റഡിയില്‍ വാങ്ങി. കേസിലെ ഒന്നാം പ്രതി പള്ളിപ്പുറം പഞ്ചായത്ത് 17-ാം വാര്‍ഡില്‍ കായിപ്പുറത്തു വീട്ടില്‍ ആശാ മനോജ് (35), കാമുകന് രാജേഷാലയത്തില്‍ രതീഷ് (39) എന്നിവരെയാണ് അന്വേഷണ സംഘം തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി കസ്റ്റഡിയില്‍ വാങ്ങിയത്. ഇരുവരെയും ഒന്നിച്ചും വേറെയും ചോദ്യം ചെയ്തതില്‍ ചില ആശയകുഴപ്പം ഉണ്ടായതായാണു വിവരം.
യുവതിക്കൊപ്പം പ്രസവ സമയത്തടക്കം ആശുപത്രിയിലുണ്ടായിരുന്ന ബന്ധുവായ യുവാവും യുവതിയുടെ കാമുകനായിരുന്നതായാണു പോലീസിനു ലഭിച്ച വിവരം. ഇയാളെയും പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തതില്‍ കുട്ടിയുടെ പിതൃത്വം ഏറ്റെടുത്തു മൊഴി നല്‍കിയതായാണു വിവരം. ഇതോടെ പോലീസ് നടത്തുന്ന ഡി.എന്‍.എ പരിശോധന നിര്‍ണായകമാകും. 31ന് ആശുപത്രിയില്‍നിന്നും വിട്ടശേഷം ആശയും യുവാവും കുഞ്ഞുമായി അന്ധകാരനഴി കടപ്പുറത്തു പോയിരുന്നു. ഇതിനു ശേഷമാണ് വൈകിട്ട് പള്ളിപ്പുറ ത്തെത്തി രതീഷിനെ വിളിച്ചു വരുത്തി കുഞ്ഞിനെ കൈമാറിയെന്നാണ് പോലീസ് നല്ക്കുന്ന വിവരം. രാത്രി തന്നെ കുഞ്ഞിനെ കൊന്നെന്നു രതീഷ് ആശയെ വിളിച്ചറിയിച്ചിരുന്നു.
രതീഷിന്റെ ഫോണ്‍ വിളിയെത്തിയ ശേഷമാണ് ആശുപത്രിയില്‍ നിന്നെത്തിയ ആശ ഉറങ്ങിയതെന്നാണു വിവരം. ഗര്ഭിണിയാണെന്നറി ഞ്ഞപ്പോള്‍ മുതല്‍ ഗര്‍ഭം അലസിപ്പിക്കാനെന്ന പേരിലും പ്രസവ സമയത്തടക്കം രതീഷില്‍നിന്നും രണ്ടു ലക്ഷത്തോളം രൂപ ആശ പല ഘട്ടങ്ങളിലായി വാങ്ങിയതായും മൊഴി ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച വരെ ഇരുവരും പോലീസ് കസ്റ്റഡിയിലുണ്ടാകും. 31ന് രാത്രി 8.30 യോടെ രതീഷ് തന്റെ വീട്ടിലെത്തിച്ചാണു കുട്ടിയെ ശ്വാസം മുട്ടിച്ചു കൊന്നത്. രതീഷിന്റെ വീട്ടിലെ ശുചിമുറിയില്‍നിന്നാണ് മൃതദേഹം കണ്ടെടുത്തത്. കൊലപാതകത്തിനു പ്രേരണയും പിന്തുണയും നല്‍കിയത് ആശയായിരുന്നു.
ഇരുവര്‍ക്കുമെതിരേ കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണു കേസെടുത്തത്. 31ന് നടന്ന കൊലപാതകത്തിന്റെ വിവരങ്ങള്‍ രണ്ടിനാണ് പുറത്തറിഞ്ഞത്. അന്നു തന്നെ ഇരുവരെയും പോലീസ് പിടികൂടുകയും കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തിരുന്നു. ചേര്‍ത്തല പോലീസ് ഇന്‍സ്പക്ടര്‍ ജി. അരുണിന്റെ നേതൃത്വത്തിലാണ് അന്വേഷണം.






