
തിരുവനന്തപുരം: നാലുദിവസം തലസ്ഥാന നഗരത്തിന് കുടിവെള്ളം മുട്ടിയതില്‍ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി എംഎല്‍എമാരും കോര്‍പ്പറേഷനും. അടിയന്തര സാഹചര്യങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നാണ് ആക്ഷേപം. നിര്മ്മാണപ്പണികളും അറ്റകുറ്റപ്പണികളുടെ നടക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ജല അതോറിറ്റി പാലിച്ചില്ലെന്നും ഉദ്യോഗസ്ഥര്ക്കെതിരേ നടപടി വേണമെന്നും കോര്പ്പറേഷനെപ്പോലും വിവരം അറിയിച്ചില്ലെന്നുമാണ് കോര്‍പ്പറേഷന്റെ ആരോപണം.
ഉദ്യോഗസ്ഥ തലത്തിലെ വീഴ്ച പരിശോധിച്ച് സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് മേയറും വികെ പ്രശാന്ത് എംഎല്‍എയും ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസം കൊണ്ടു പൂര്‍ത്തിയാകുമെന്ന് പറഞ്ഞ പണി മൂന്നാം ദിവസം പിന്നിട്ട് ജനം വലഞ്ഞതോടെയാണ് എംഎല്‍എമാര്‍ പോലും വിഷയത്തിന്റെ ഗൗരവം മനസ്സലാക്കിയത്. ഇത്തരം പ്രധാന അറ്റകുറ്റപണികള്‍ നടത്തുന്നതിന് മുന്‍കൂട്ടി നഗരസഭയുടെ അനുമതി വാങ്ങണമെന്ന് യോഗത്തില്‍ ജല അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്ന് ആര്യാ രാജേന്ദ്രന് പറഞ്ഞു.
നിരവധി വാല്‍വുകളുള്ള ട്രാന്സ്മിഷന് പൈപ്പ് ലൈനില്‍ പലതും വര്‍ഷങ്ങളായി ഉപയോഗിക്കുന്നില്ല. റോഡ് നിര്‍മ്മാണത്തിനിടയില്‍ ചിലത് മൂടിപ്പോയി. ആസൂത്രണം ഇല്ലാതെയാണ് അറ്റകുറ്റപ്പണികള്‍ തുടങ്ങിയതാണ് ആരോപണം. വലിയ അറ്റകുറ്റപ്പണികള്‍ നടക്കുമ്പോള്‍ ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പിനെ ജല അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ വിവരം അറിയിക്കേണ്ടതുണ്ടെന്നും അതുണ്ടായില്ലെന്നും കോര്പറേഷന് മേയര്‍ ആര്യാ രാജേന്ദ്രന് വ്യക്തമാക്കി. കിള്ളിപ്പാലം- ജഗതി റോഡിലെ അറ്റകുറ്റപ്പണിക്കായി അരുവിക്കരയില്‍ നിന്നുളള പമ്പിങ് തന്നെ നിര്‍ത്തിവയ്ക്കേണ്ടിവന്നത് നഗരത്തില്‍ ഒന്നാകെ കുടിവെള്ളം മുട്ടിച്ചു.






