
മലയാള സിനിമ പ്രേക്ഷകർക്ക് ഏറെയിഷ്ടമുള്ള താരമാണ് കുഞ്ചാക്കോ ബോബൻ. താരത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം എല്ലാ വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ കുടുംബത്തോടൊപ്പമുള്ള ഹൃദ്യമായ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. ഭാര്യ പ്രിയയ്ക്കും മകന് ഇസഹാക്കിനുമൊപ്പമുള്ള വീഡിയോയാണ് കുഞ്ചാക്കോ ബോബന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. വീഡിയോയെക്കാളേറെ താരം അതിനു കൊടുത്ത ക്യാപ്ഷനാണ് ശ്രദ്ധിക്കപ്പെടുന്നത്. "എന്റെ പവര്‍ ഗ്രൂപ്പ്..." എന്നാണ് ചാക്കോച്ചന് കുറിച്ചത്.
കുഞ്ചാക്കോ ബോബനും പ്രിയയും മകനെ ലാളിക്കുന്നതാണ് വീഡിയോയിലുള്ളത്. പശ്ചാത്തലത്തില്‍ കടലും കടല്‍പ്പാലവും കാണാം. അടുത്തിടെ ഓണാഘോഷത്തിനായി കുഞ്ചാക്കോ ബോബന് മെല്‍ബണിലെത്തിയിരുന്നു. അതിനിടയില്‍ എടുത്ത വീഡിയോയാണിതെന്നാണ് സൂചന. ഏതായാലും സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ ക്യാപ്ഷൻ ചര്‍ച്ചയാകുകയാണ്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഏറെ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന വാക്കാണ് പവര്‍ ഗ്രൂപ്പ്. മലയാള സിനിമയിൽ അങ്ങനെയൊരു ഗ്രൂപ്പ് ഉണ്ടെന്നു തന്നെയാണ് പലരുടെയും അഭിപ്രായം. മുൻപ് കുഞ്ചാക്കോ ബോബന് അഭിനയിച്ച 'മാംഗല്യം' തന്തുനാനേന' എന്ന ചിത്രത്തിന്റെ സംവിധായക സൗമ്യ സദാനന്ദന് പവർ ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു.






