
ലിജോ ജോസ് പെല്ലിശ്ശേരി അങ്കമാലി ഡയറീസ് എന്ന മലയാള സിനിമയിലൂടെ പരിചയപ്പെടുത്തിയ അനേകം പുതുമുഖങ്ങളില്‍ ഒരാളാണ് അന്നാ രേഷ്മ രാജൻ. ലിച്ചി എന്ന നായിക കഥാപാത്രത്തിലൂടെയാണ് അന്ന ചിത്രത്തില്‍ തിളങ്ങിയത്. ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ അന്നയുടെ യഥാർത്ഥ പേരൊക്കെ പ്രേക്ഷകർ മറന്നുപോയി. പിന്നീട് സോഷ്യല്‍ മീഡിയയിലും ഏറെ തിളങ്ങിയ താരം കൂടിയാണ് അന്ന. ഗ്ലാമറസ്സ് ഔട്ട്ഫിറ്റിലൂടെയാണ് താരം സോഷ്യല്‍ മീഡിയയില്‍ തിളങ്ങുന്നത്. ഉദ്ഘാടന വേദികളിലും നിറഞ്ഞു നില്ക്കുന്ന താരമാണ് അന്ന. പലപ്പോഴും താരത്തിനെതിരെ ബോഡി ഷെയിമിങ് കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വരാറുണ്ട്.
ഇപ്പോഴിതാ അന്നയുടെ പുതിയൊരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ചർച്ചയാകുന്നത്. ചെമ്മണ്ണൂർ ജ്വല്ലേഴ്സിന്റെ ചേർത്തല ബ്രാഞ്ചിന്റെ ഉദ്ഘാടനത്തില്‍ അന്ന പങ്കെടുത്തതിന്റെ വീഡിയോയാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കുന്നത്. ഷോപ്പ് ഉദ്ഘാടനം ചെയ്തശേഷം അവിടെയുണ്ടായിരുന്ന ആഭരണങ്ങളില്‍ പലതും അന്ന ട്രൈ ചെയ്ത് നോക്കുന്നത് വീഡിയോയില്‍ കാണാം. അതിനിടയില്‍ ഉടമയായ ബോബി ചെമ്മണ്ണൂർ പറഞ്ഞ കമന്റാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.
‘‘അന്നക്ക് വലിയ സൈസ് ഉള്ള സാധനം എടുത്ത് കൊടുക്കൂ... ആളുടെ സൈസിന് അനുസരിച്ചുള്ള കൊണ്ടുവരൂ...’’ എന്നാണ് ബോച്ചെ ജീവനക്കാരോട് പറഞ്ഞത്. അന്നയുടെ ശരീരത്തെ കൂടി പരിഹസിച്ചുള്ള സംസാരത്തിനൊപ്പം അതിനിടയില്‍ കാണിച്ച കൈകൊണ്ടുള്ള ആംഗ്യവും വിമര്‍ശനത്തിന് കാരണമായത്. ചുറ്റും കൂടി നിന്നവരും ബോച്ചെയുടെ ഡബിള്‍ മീനിങ്ങുള്ള കമന്റ് കേട്ട് ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ബോച്ചെയുടെ ഡയലോഗ് കടമെടുത്ത് നടിയെ ബോഡി ഷെയിം ചെയ്തുള്ള കമന്റുകളും വൈറല്‍ വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. എന്നാല്‍ ബോച്ചെയുടെ അസഭ്യം നിറഞ്ഞ കമന്റിനോട് അന്ന പ്രതികരിച്ചില്ലെന്നു മാത്രമല്ല ചിരിക്കുക മാത്രമാണ് ചെയ്തതെന്നുള്ളതും ആരാധകര്‍ കമന്റുകളിലൂടെ കുറിക്കുന്നുണ്ട്.
അടുത്തിടെ നടി ഹണി റോസിനോടും സമാനാമായ രീതിയില്‍ വിവാദ പരാമർശം നടത്തിയിരുന്നു ബോച്ചെ. ബോബി ചെമ്മണ്ണൂരിന്റെ അതിഥിയായി ഒരു പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ഹണി റോസിനോട് ബോച്ചെ പരിഹസിച്ച് സംസാരിച്ചത്. പരിപാടിയുടെ ഭാഗമായി ബോബി ചെമ്മണ്ണൂരിന്റെ ജ്വലറിയും താരം സന്ദർശിച്ചപ്പോള്‍ ഒരു നെക്ലസ് കഴുത്തില്‍ അണിയച്ചതിനുശേഷം ബോബി ചെമ്മണ്ണൂർ ഹണി റോസിനെ ഒന്ന് കറക്കി. ‘‘നേരെ നിന്നാല്‍ മാലയുടെ മുൻഭാഗമെ കാണു. മാലയുടെ പിൻഭാഗം കാണാൻ വേണ്ടിയാണ് കറക്കിയത്’’ എന്നായിരുന്നു ബോബി ചെമ്മണ്ണൂർ അതെക്കുറിച്ച് പറഞ്ഞത്. ‘‘ ഹണി റോസിനെ കാണുമ്പോള്‍ പുരാണത്തിലെ കുന്തി ദേവിയെന്ന കഥാപാത്രത്തെ ഓർമ വരും...’’എന്നും ബോബി പറഞ്ഞിരുന്നു.
ഈ രണ്ട് പരാമർശങ്ങളും വലിയ വിവാദത്തിനും പ്രതിഷേധത്തിനും കാരണമായിരുന്നു. അതൊന്ന് ശമിച്ചപ്പോഴാണ് അന്നയെ ബോഡി ഷെയിം ചെയ്തുള്ള വള്‍ഗർ കമന്റ് ബോച്ചെ പറഞ്ഞത്.
ശരീര ഭാരം വർധിച്ചതിന്റെ പേരില്‍ വലിയ വിമർശനം കഴിഞ്ഞ കുറച്ച് നാളുകളായി അന്ന നേരിടുന്നുണ്ട്. വേദനിപ്പിക്കരുതെന്നും താൻ രോഗബാധിതയാണെന്നുമാണ് ഒരിക്കല്‍ രോഗ വിവരം വെളിപ്പെടുത്തി വിമർശനങ്ങളോട് താരം പറഞ്ഞിരുന്നു. ഓട്ടോഇമ്മ്യൂണ്‍ തൈറോയ്ഡ് എന്ന രോഗാവസ്ഥയിലൂടെയാണത്രെ അന്നകടന്ന് പോകുന്നത്. ഇതിനാല്‍ ശരീരം ചിലപ്പോള്‍ തടിച്ചും മെലിഞ്ഞും ഇരിക്കും. മുഖം വലുതാകുന്നതും സന്ധികളിലെ തടിപ്പും വേദനയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണെന്നും അന്ന വെളിപ്പെടുത്തിയിരുന്നു.






