
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം 10 മണിക്കൂര്‍ വൈകുന്നതിനെ തുടര്‍ന്ന് ക്ഷുഭിതരായി യാത്രക്കാര്‍. ഇന്നലെ രാത്രി 8.55ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് 4702 വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. 10 മണിക്കൂറായിട്ടം വിമാനം പുറപ്പെടാത്ത സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ വലിയ പ്രതിഷേധം ഉണ്ടായി.
ഓണത്തിനായി നാട്ടിലേക്ക് പോകാനായി എത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ യാത്രക്കാരിലുണ്ട്. വിമാനം ആറുമണിയ്ക്ക് പുറപ്പെടുമെന്നാണ് അവസാനം അറിയിച്ചത്. എന്നാല്‍ ഈ സമയത്തും വിമാനം പുറപ്പെട്ടില്ലെന്നാണ് വിവരം. വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാര്‍ക്ക് സമയത്ത് ഭക്ഷണം പോലും കിട്ടാതെ വലയുകയാണ്. വിമാനം വൈകുന്നതിനുള്ള കാരണമോ എപ്പോള്‍ പുറപ്പെടുമെന്ന കൃത്യതയോ ഇല്ലാത്ത സാഹചര്യത്തിലാണ് യാത്രക്കാര്‍ പ്രതിഷേധവുമായി എത്തിയത്.
മഴയും ട്രാഫിക്ജാമുമെല്ലാം മറികടന്ന് എത്തിയ യാത്രക്കാര്‍ക്ക് ബോഡിംഗ് പാസും നല്കിയ ശേഷം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പുറപ്പെടാന്‍ നീക്കമുണ്ടായില്ലെന്നും ഒരു മണിയ്ക്ക് ശേഷവും വിമാനം പുറപ്പെടാതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയായിരുന്നെന്നും പറഞ്ഞു. ഓണാഘോഷത്തിനായി നാട്ടിലേക്ക് പോകാനിരിക്കുന്ന അനേകരെയാണ് വിമാനം വൈകിയത് ബാധിച്ചത്.






